വേഗം മാറ്റിക്കോ, പണി വരുന്നുണ്ട്...
text_fieldsകൊച്ചി: നഗരത്തിൽ എങ്ങോട്ടു തിരിഞ്ഞാലും ചുരുങ്ങിയത് മൂന്നോ നാലോ പരസ്യ ബോർഡുകൾ ചുറ്റും കാണാം. ചെറുതും വലുതുമായ, വൻകിട കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഫ്ലക്സുകൾ, രാഷ്ട്രീയ പാർട്ടികളുടെയും പൊതു പരിപാടികളുടെയും പരസ്യബോർഡുകൾ അങ്ങനെയങ്ങനെ. എന്നാലിതിൽ പലതും അനധികൃതമോ നിയമവിരുദ്ധമോ ആയി സ്ഥാപിച്ചവയാണ്. ഒടുവിൽ ഇത്തരം ബോർഡുകൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കൊച്ചി കോർപറേഷൻ.
കൊച്ചി നഗരത്തിൽ മാത്രമല്ല, ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തിൽ പൊതുവിടങ്ങളിൽ അനധികൃത പരസ്യ ബോർഡുകൾ വ്യാപകമാണ്. അനധികൃത ഫ്ലക്സ് ബോർഡുകളുൾപ്പെടെ നീക്കം ചെയ്യണമെന്ന് ഹൈകോടതി പലതവണ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പലപ്പോഴും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടാവാറില്ല. ഇതിനിടെയാണ് കൊച്ചി കോർപറേഷൻ നടപടിക്കൊരുങ്ങുന്നത്.
പിഴയുണ്ട്, 5000 രൂപ
കോർപറേഷൻ പരിധിയിലെ അനധികൃത ബോർഡുകൾ ഓരോന്നിനും 5000 രൂപ വരെ പിഴ ഈടാക്കിയ ശേഷം നീക്കം ചെയ്യുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ വ്യക്തമാക്കി. നീക്കം ചെയ്യുന്നതിന് ചെലലവാകുന്ന തുകയും ബോർഡ് വെച്ച കെട്ടിടത്തിന്റെയോ സ്ഥലത്തിന്റെയോ ഉടമകളിൽ നിന്നും ഈടാക്കും.
ഇതിനകം ബോർഡ് സ്ഥാപിക്കാനുള്ള പെർമിറ്റ് കരസ്ഥമാക്കിയവർ ഈ നമ്പർ ബോർഡുകളിൽ പ്രദർശിപ്പിക്കുകയും പെർമിറ്റ് എടുക്കാത്തവർ ഏഴു ദിവസത്തിനകം അപേക്ഷ നഗരസഭ സെക്രട്ടറിക്ക് സമർപ്പിക്കുകയും വേണം. അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോർപറേഷന്റെ നടപടി. ഇനി ഒരറിയിപ്പുകൂടാതെ തന്നെ ഇവ നീക്കം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഷോപ്പിങ് മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾക്കും ഇത് ബാധകമായിരിക്കും. നിരോധിത ഫ്ലക്സ്, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് വ്യാപകമായി സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങളും നീക്കണമെന്ന് കോർപറേഷൻ നിർദേശിച്ചു. ഇത്തരം പരസ്യബോർഡുകൾ സ്ഥാപിച്ച സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.