ബ്രഹ്മപുരത്തേക്ക് പട്ടാളപ്പുഴു തന്നെ; ഉടനിറങ്ങും ‘ചുമതലയേൽക്കാൻ'
text_fieldsകൊച്ചി: മാസങ്ങളായി കൊച്ചി കോർപറേഷന് തലവേദനയായ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ ‘പട്ടാളപ്പുഴു’വിനെ (ബ്ലാക്ക് സോൾജിയർ ൈഫ്ല ) ഇറക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ബ്രഹ്മപുരത്തെ ജൈവമാലിന്യം സംസ്കരിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു മാസത്തേക്ക് രണ്ടു കമ്പനികളെ ചുമതല ഏൽപിക്കും. തുടക്കത്തിൽ പത്തു ടൺ വീതമാവും ഇരു കമ്പനികളും സംസ്കരിക്കുകയെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. അടച്ചുറപ്പുള്ള പ്ലാന്റ് നിർമിക്കാൻ രണ്ടു കമ്പനികൾക്കും നാല് ഏക്കർ സ്ഥലം വീതം വിട്ടുനൽകും. പ്ലാന്റ് നിർമാണ ചെലവുകൾ കരാർ കമ്പനികൾ വഹിക്കും. ഇതിനിടെ ഒരേ തുക ക്വാട്ട് ചെയ്ത രണ്ട് കമ്പനികൾക്കും കരാർ നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
ഏതെങ്കിലും ഒരു കമ്പനിക്ക് പരീക്ഷണാടിസ്ഥാനത്തിൽ കരാർ നൽകി വിജയകരമായാൽ മാത്രം അടുത്ത കമ്പനിക്കും നൽകിയാൽ മതിയെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മേയർ തള്ളുകയായിരുന്നു. തുടർന്ന് ഇരു കമ്പനികൾക്കും നിശ്ചിത അളവ് മാലിന്യം സംസ്കരിക്കാനുള്ള കരാർ നൽകാൻ തീരുമാനിച്ചു. ടെൻഡറിൽ അഞ്ച് കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ സിഗ്മ ഗ്ലോബൽ എൻവിയോ സൊല്യൂഷൻസ് ലിമിറ്റഡ് കിലോക്ക് 2.525 രൂപക്കും ഫാബ്കോ ഫുഡ് വേസ്റ്റ് മാനേജ്മെന്റ് 3.40 രൂപക്കും എടുക്കാമെന്ന് താൽപര്യപത്രം നൽകി. അധികൃതരുമായി നടത്തിയ ചർച്ചകളെ തുടർന്ന് ഇരു കമ്പനികളും 2.498 രൂപക്ക് ചെയ്യാമെന്ന് സമ്മതിച്ചു. ഇതിൽ ഒരു കമ്പനിക്ക് മാത്രം കരാർ നൽകിയാൽ രണ്ടാമത്തെ കമ്പനി നിയമനടപടിയിലേക്ക് കടന്നേക്കാമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷറഫ് ചൂണ്ടിക്കാണിച്ചതോടെയാണ് രണ്ടു കമ്പനികൾക്കും കരാർ നൽകാനുള്ള തീരുമാനം മേയർ പ്രഖ്യാപിച്ചത്. 100 ടൺ മാലിന്യം സംസ്കരിക്കാനുള്ള കരാറാണ് ക്ഷണിച്ചതെങ്കിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ ആദ്യം കുറച്ച് മാലിന്യം സംസ്കരിക്കുന്ന നിലയിൽ കരാർ വ്യവസ്ഥ തിരുത്തും.
സംസ്കരിക്കുന്ന മാലിന്യത്തിനനുസരിച്ച് തുക കൈമാറുന്ന നിലയിലാകും വ്യവസ്ഥയിൽ മാറ്റം വരുത്തുകയെന്നും മേയർ പറഞ്ഞു. ദിവസേന 100 ടൺ മാലിന്യമാണ് നഗരത്തിൽനിന്ന് ബ്രഹ്മപുരത്ത് എത്തുന്നത്. ദിവസേന നൂറ് ടൺ മാലിന്യം സംസ്കരിച്ചാൽ 2,49,800 രൂപ കോർപറേഷനിൽനിന്ന് കരാർ കമ്പനിക്ക് ലഭിക്കും.
ഈ റോഡ്, പാലക്കാട് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള സംസ്കരണം വിജയകരമായി നടക്കുന്നുണ്ട്.
ബ്രഹ്മപുരത്ത് ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ബയോ സി.എൻ.ജി പ്ലാന്റ് യാഥാർഥ്യമാകുന്നത് വരെ താൽക്കാലിക സംവിധാനം എന്ന നിലക്കാണ് പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് മാലിന്യ സംസ്കരണം നടത്തുക.
ബയോമൈനിങ് നിരക്ക് വർധന; കൗൺസിലിൽ വാഗ്വാദം
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറിൽ കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങിലൂടെ സംസ്കരിക്കാനുള്ള നിരക്ക് 55 കോടി രൂപയിൽ നിന്ന് 119 കോടിയിലേക്ക് ഉയർത്തിയതിനെ ചൊല്ലി കൗൺസിലിൽ വാദപ്രതിവാദം.
തുക വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷാംഗങ്ങൾ രംഗത്തുവന്നതും ഇതിനെ അനുകൂലിച്ച് ഭരണപക്ഷത്തെ കൗൺസിലർമാർ വാദിച്ചതുമാണ് ബഹളത്തിലേക്ക് നയിച്ചത്. വിവാദമായ സോൺട ഇൻഫ്രാടെക് കമ്പനിയുമായി 55 കോടിയുടെ കരാറാണ് കോർപറേഷൻ നേരത്തെ ഒപ്പിട്ടത്. സോൺടയുമായുള്ള കരാർ റദ്ദാക്കിയ ശേഷം ബയോമൈനിങിനായി വീണ്ടും ടെൻഡർ വിളിച്ചിരുന്നു. പ്രീബിഡ് ടെൻഡറിൽ എട്ടു കമ്പനികൾ പങ്കെടുത്തു. രണ്ടെണ്ണമാണ് യോഗ്യത നേടിയത്. ഭൂമി ഗ്രീൻ എനർജിയുടേതാണ് കുറഞ്ഞ നിരക്ക്. ടണ്ണിന് 1699 രൂപയാണ് അവർ ബയോമൈനിംഗിന് ക്വാട്ട് ചെയ്തത്.
രണ്ടാമത്തെ കമ്പനിയായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊല്യൂഷൻസ് ടണ്ണിന് 4640 രൂപ ക്വാട്ട് ചെയ്തു. മറ്റിടങ്ങളിലെ അപേക്ഷിച്ച് ഈ കമ്പനികൾ ഉയർന്ന തുക ക്വാട്ട് ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപങ്ങളിലൊന്ന്. കമ്പനികളുടെ പ്രവർത്തന ശേഷിയിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷം കരാർ രേഖകളിൽ അവ്യക്തതയുണ്ടെന്നും ആരോപിച്ചു. ഉയർന്ന തുക ക്വാട്ട് ചെയ്തതിന്റെ കാരണങ്ങൾ കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ വിശദീകരിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ബയോമൈനിങ് പൂർത്തീകരിക്കേണ്ടതിനാലും അവശിഷ്ട ആർ.ഡി.എഫ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ടതിന്റെ കടത്തുകൂലി ഭീമമായതിനാലുമാണ് തുക ഉയർന്നത്. ബയോമൈനിങ് ചെയ്യുന്ന മാലിന്യത്തിന്റെ അളവ് കണക്കാക്കിയാണ് കമ്പനിക്ക് പണം നൽകുയെന്ന് സെക്രട്ടറി പറഞ്ഞു.
പ്രതിപക്ഷം കടുത്ത വിയോജിപ്പ് തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ തൽകാലം തീരുമാനമെടുക്കുന്നില്ലെന്ന് ചർച്ചകൾക്ക് മറുപടിയായി മേയർ പറഞ്ഞു. കമ്പനികളുടെ പ്രവർത്തനം നേരിൽ പരിശോധിക്കാൻ വിദഗ്ദരും കൗൺസിലർമാരും ഉൾപ്പെട്ട സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാമെന്നും നിരക്ക് കുറക്കുന്ന കാര്യത്തിൽ കമ്പനിയുമായി ചർച്ച ചെയ്യാമെന്നും മേയർ പറഞ്ഞു. ഇതിനിടെ വീടുകളിൽനിന്നുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ചു സംസ്കരിക്കാൻ രണ്ടു പുതിയ ഏജൻസികളെക്കൂടി ചുമതലപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചു. സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ സംസ്കരിക്കാൻ ബ്രഹ്മപുരത്ത് മൂന്നു ടൺ ശേഷിയുള്ള ഇൻസിനറേറ്ററും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.