തകർത്തുവാരി ബോട്ട് സർവിസ്; ജലമെട്രോ ശോകം
text_fieldsകൊച്ചി: ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങളിൽ ബോട്ട് സർവിസ് നേട്ടം കൊയ്തപ്പോൾ നോക്കുകുത്തിയായി കൊച്ചി വാട്ടർമെട്രോ. പുതുവത്സര തലേന്നടക്കം കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് എറണാകുളം ബോട്ട് ജെട്ടിയിൽ അനുഭവപ്പെട്ടത്. ഫോർട്ട്കൊച്ചിയിൽ കാർണിവലും ബിനാലെയും ആസ്വദിക്കാനെത്തിയ വലിയൊരു വിഭാഗം ബോട്ട് മാർഗമാണ് യാത്ര ചെയ്തത്.
പുതുവത്സര തലേന്ന് 11.30 വരെ സർവിസ് നടത്തി. 60,000ത്തോളം യാത്രക്കാരാണ് അന്നുണ്ടായിരുന്നതെന്ന് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഞായറാഴ്ചയും സമാന സ്ഥിതിയായിരുന്നു. ഷെഡ്യൂൾ ചെയ്ത സമയത്തിന് കാത്തിരിക്കാതെ ബോട്ടുകൾ എത്തുന്നത് അനുസരിച്ച് ഫോർട്ട്കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തിക്കൊണ്ടിരുന്നു. യാത്ര മാർഗമെന്നതിലുപരി ജലഗതാഗതം ആസ്വദിക്കുക എന്നതുകൂടെ സഞ്ചാരികളുടെ ലക്ഷ്യമായിരുന്നു. സ്കൂൾ അവധി ദിവസങ്ങളായിരുന്നതിനാൽ പത്ത് ദിവസങ്ങളിലും പതിവിൽകവിഞ്ഞ തിരക്കുണ്ടായിരുന്നു.
അതേസമയം ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ട ജലമെട്രോ ഇപ്പോഴും സർവിസ് ആരംഭിച്ചിട്ടില്ല. പ്രവർത്തന സജ്ജമായിട്ടും സർവിസ് ആരംഭിക്കാത്ത ജലമെട്രോയെക്കുറിച്ച് വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. അവധി ദിനങ്ങളിലും പുതുവത്സരത്തിനും തുറന്നുലഭിച്ച സാധ്യതകൾ ഉപയോഗപ്പെടുത്താൻ ജലമെട്രോക്കായില്ല.
എല്ലാം സജ്ജമായിട്ടും സർവിസ് ആരംഭിക്കാനാകാത്തത് ഉദ്ഘാടകനെ തീരുമാനിക്കാനാകാത്തതിനാലാണെന്ന സൂചനയുണ്ട്. അതേസമയം അഞ്ച് ബോട്ടുകളാണ് നിലവിൽ കൊച്ചി കപ്പൽശാലയിൽനിന്നും ലഭിച്ചതെന്നും മൂന്നെണ്ണം കൂടി ലഭിച്ചാൽ സർവിസ് ആരംഭിക്കുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ വ്യക്തമാക്കി.
നവംബർ ആദ്യവാരം സർവിസ് ആരംഭിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. നിലവിൽ ലഭിച്ചിട്ടുള്ള അഞ്ച് ബോട്ടുകളുടെ ട്രയൽ റൺ പൂർത്തിയായിട്ട് നാളുകളേറെയായി. അടിയന്തര ആവശ്യങ്ങൾക്കുള്ള മറ്റൊരു ബോട്ടും സജ്ജമാണ്. ആദ്യഘട്ടത്തിൽ ഹൈകോർട്ട്- ബോൾഗാട്ടി- വൈപ്പിൻ റൂട്ടിലായിരിക്കും സർവിസ് എന്നാണ് അറിയിച്ചിട്ടുള്ളത്. 38 ടെർമിനലുകളാണ് ജലമെട്രോ പൂർണ സജ്ജമാകുമ്പോൾ ഉണ്ടാകുക.
76 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളാണ് സര്വിസിനെത്തുക. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന പൂർണമായി ശീതീകരിച്ച 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ഒരേസമയം ഒരുബോട്ടിൽ 50 പേര്‍ക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം. ഇലക്ട്രിക് മോഡിൽ എട്ട് നോട്ടിക്കൽ മൈലും(മണിക്കൂറിൽ 14.816 കിലോമീറ്റർ) ഹൈബ്രിഡ് മോഡിൽ 10 നോട്ടിക്കൽ മൈലും (18.519 കിലോമീറ്റർ) ആണ് വേഗം.
പുതുവത്സര തലേന്ന് കൊച്ചി മെട്രോയിൽ 1,22,897 യാത്രക്കാർ
കൊച്ചി: പുതുവത്സര തലേന്ന് കൊച്ചി മെട്രോയിൽ റെക്കോഡ് യാത്രക്കാർ. 1,22,897 പേരാണ് കൊച്ചി മെട്രോയിൽ ഡിസംബർ 31ന് യാത്ര ചെയ്തത്. ന്യൂഇയർ ആഘോഷിക്കുന്നവരുടെ സൗകര്യാർഥം സർവിസ് പുലർച്ച ഒരു മണി വരെ നീട്ടിയിരുന്നു. കൊച്ചി കാർണിവലിൽ അടക്കം പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയ നിരവധി പേർ കൊച്ചി മെട്രോയാത്ര കൂടെ ആസ്വദിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.