കുമ്പളങ്ങി കാഴ്ചകൾ ആസ്വാദ്യമാക്കാൻ ഇനി ബോട്ടിങ്ങും
text_fieldsകൊച്ചി: നഗരത്തിരക്കിൽനിന്ന് മാറി പശ്ചിമകൊച്ചിയുടെ ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി കുമ്പളങ്ങി. കണ്ടൽക്കാടുകളും മനോഹര സൂര്യാസ്തമയവും ഒപ്പം ബോട്ടിങ്ങും ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അധികൃതർ. കായലിനോട് ചേർന്ന് കല്ലഞ്ചേരി ചാലിൽ മൂന്ന് പെഡൽ ബോട്ടുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ബോട്ടിങ്ങിനുപുറമെ ഇവിടെ ചൂണ്ടയിടാനും സൗകര്യമുണ്ടാകും. സ്വകാര്യ വ്യക്തികൾക്കായിരിക്കും പരിപാലന ചുമതല.
ഒരുമണിക്കൂർ സമയത്തേക്ക് ഒരാൾക്ക് 50രൂപ വീതം ആയിരിക്കും ബോട്ടിങ്ങിന് ഈടാക്കുന്നത്. രണ്ടുപേർക്കും നാലുപേർക്കും സഞ്ചരിക്കാവുന്ന ബോട്ടുകളാണ് ഉപയോഗിക്കുന്നത്. 40 ഏക്കറോളം വിസ്താരമുള്ള ചാലിന്റെ സമീപത്ത് സ്വാഭാവിക കണ്ടൽമരങ്ങൾ കാണാൻ സാധിക്കും. വൈകുന്നേരങ്ങളിൽ മനോഹരമായ സൂര്യാസ്തമയവും ഇവിടെ ആസ്വദിക്കാം. രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ ആയിരിക്കും ബോട്ടിങ്. മാതൃക മത്സ്യഗ്രാമമായ കുമ്പളങ്ങി ടൂറിസം മേഖലയുടെ വളർച്ചക്കായി വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. കുമ്പളങ്ങിയുടെ ഗ്രാമീണ ഭംഗി രാജ്യാന്തര തലത്തിൽ എത്തിക്കാൻ ടൂറിസം വകുപ്പുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തെന്ന് പ്രസിഡന്റ് ലീജ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.