ബ്രഹ്മപുരം ബയോഗ്യാസ് പ്ലാന്റ്: ബി.പി.സി.എല്ലിന് പത്തേക്കർ സ്ഥലം കൈമാറാൻ തീരുമാനം
text_fieldsകൊച്ചി: മാലിന്യത്തിൽനിന്ന് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് സ്ഥാപിക്കാൻ ഭാരത് പെട്രോളിയം കോർപറേഷന് (ബി.പി.സി.എൽ) ബ്രഹ്മപുരത്ത് 10 ഏക്കർ കൈമാറാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ബി.പി.സി.എൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ യോഗം തീരുമാനമെടുത്തത്.
മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ സംസ്ഥാന വ്യവസായ വികസന കോർപറേഷന് (കെ.എസ്.ഐ.ഡി.സി) 20 ഏക്കർ ലീസിന് നൽകിയ വ്യവസ്ഥ റദ്ദാക്കാനും തീരുമാനിച്ചു. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാട്ടക്കരാർ റദ്ദാക്കിയത്.
കെ.എസ്.ഐ.ഡി.സിയുമായി പ്ലാന്റ് നിർമാണക്കരാർ മാത്രമായിരുന്നതിനാൽ മറ്റ് നിയമ പ്രശ്നങ്ങളോ എതിർപ്പുകളോ ഉണ്ടാകാനിടയില്ലെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. കൗൺസിൽ അനുമതി ലഭിച്ച സാഹചര്യത്തിൽ പ്ലാന്റ് നിർമാണത്തിന് ബി.പി.സി.സി.എൽ ഉടൻ ടെൻഡർ വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമ്പലമുകളിലെ റിഫൈനറിയോട് ചേർന്ന സ്ഥലമാണ് ബി.പി.സി.എൽ ആവശ്യപ്പെട്ടത്. 150 ടൺ മാലിന്യം സംസ്കരിച്ച് ബയോഗ്യാസാക്കി മാറ്റുന്നതാണ് പദ്ധതി. സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് ബി.പി.സി.എൽ പദ്ധതി നടപ്പാക്കുന്നത്.
സംസ്കരണത്തിന് ശേഷം പുറംതള്ളുന്ന മാലിന്യത്തിന്റെ (റിജക്ട്സ്) ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന ആശങ്ക പ്രതിപക്ഷം പങ്കുവെച്ചെങ്കിലും അക്കാര്യത്തിൽ വ്യക്തമായ തീരുമാനത്തിലെത്താനായില്ല. 150 ടൺ മാലിന്യം സംസ്കരിക്കുമ്പോൾ 40 ശതമാനം റിജക്ട്സായി പുറംതള്ളപ്പെടും.
ഇത് തങ്ങൾ നീക്കം ചെയ്യുമെന്ന് ബി.പി.സി.എൽ നൽകിയ പ്രപ്പോസലിൽ പറയുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതുൾപ്പെടെ എല്ലാ ആശങ്കകളും പരിഹരിച്ചാകും അന്തിമ കരാറെന്നും വിശദമായ പദ്ധതി രേഖ കൗൺസിലിൽ അവതരിപ്പിക്കാൻ ബി.പി.സി.എല്ലിനോട് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.