ബ്രഹ്മപുരം മാലിന്യപ്ലാന്റ്; പുകക്ക് നേരിയ ശമനം
text_fieldsപള്ളിക്കര: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഏഴാംദിവസം പുകക്ക് ചെറിയ ശമനം. എന്നാൽ, ഇടക്കിടക്ക് ചില ഭാഗങ്ങളിൽ തീ പടരുന്നുണ്ട്. രാത്രി തീപിടിക്കുകയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രിയിൽ തീപിടിത്തം ഉണ്ടായിരുന്നു. ഏക്കർ കണക്കിന് സ്ഥലത്ത് രണ്ടാൾ പൊക്കത്തിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ മലപോലെ കൂടിക്കിടക്കുകയാണ്.
വ്യാഴാഴ്ച മുതൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മുകൾ ഭാഗത്തെ മാലിന്യം കത്തിനശിച്ചെങ്കിലും മാലിന്യത്തിന്റെ അടിഭാഗം പുകയുകയാണ്. ഏത് സമയത്തും തീ പടർന്നുപിടിക്കുമെന്ന അവസ്ഥയാണ്.
മാലിന്യത്തിലെ അടിഭാഗത്തെ തീ അണക്കാൻ കഴിയുന്നില്ല. ഇപ്പോഴും പല ഭാഗങ്ങളിലും പുക ഉയരുന്നുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ദുർഗന്ധം ഇപ്പോഴും ശക്തമാണ്. ഹിറ്റാച്ചി ഉപയോഗിച്ച് ഇളക്കിമറിച്ച് ദിവസങ്ങളോളം വെള്ളമടിച്ചാൽ മാത്രമേ തീ അണയാൻ സാധ്യതയുള്ളൂ. ശക്തമായ വെയിലും ചൂടും വീണ്ടും തീപിടിത്തത്തിന് സാധ്യത വർധിപ്പിക്കുകയാണ്.
തീ അണക്കുന്നതിന് ആദ്യഘട്ടത്തിൽ പ്രയാസം നേരിട്ടത് ഹിറ്റാച്ചിയുടെ അഭാവമായിരുന്നു.
ബുധനാഴ്ച പലഭാഗത്തുനിന്ന് റവന്യൂ വകുപ്പ് ഇടപെട്ട് ഹിറ്റാച്ചി എത്തിച്ചെങ്കിലും ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രാത്രി നിലവിലെ ഡ്രൈവർമാരും ജോലി അവസാനിപ്പിക്കുകയാണ്.
പകരം കയറാൻ ഡ്രൈവർമാരില്ല. പകൽ ഇളക്കിയിട്ടാൽ രാത്രി തീ പിടിത്തത്തിനുള്ള സാധ്യത കൂടുതലാണ്.
പ്ലാന്റിനകത്ത് ഇപ്പോഴും മെഡിക്കൽ ക്യാമ്പ് തുടരുന്നുണ്ട്. രക്തസമ്മർദവും തലവേദനയുമാണ് പ്രധാനമായും അഗ്നിരക്ഷാസേന അംഗങ്ങൾ ഉൾപ്പെടെ നേരിടുന്ന പ്രശ്നം.
ഇതിനിടെ പുകശല്യം മൂലം ഉണ്ടായ ശ്വാസതടസ്സം ചുമ, കഫക്കെട്ട് തുടങ്ങിയ അസുഖത്തെ തുടർന്ന് 17പേർ ബ്രഹ്മപുരം ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാമ്പിൽ ചികിത്സതേടി. തുടർച്ചയായുണ്ടാകുന്ന പുകയും ദുർഗന്ധവും പരിസരവാസികളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.