ബ്രസീൽ, അർജന്റീന ടീമുകൾ കൊച്ചിയിൽ കളിക്കാനെത്തും
text_fieldsകൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൂടുതൽ മത്സരങ്ങളും മറ്റും നടത്തി കൂടുതൽ സജീവമാക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള. ബ്രസീൽ, അർജന്റീന ടീമുകളടക്കമുള്ളവരെ കൊച്ചിയിലെത്തിച്ച് സൗഹൃദ മത്സരം സംഘടിപ്പിക്കും. ഇതിനായി ടീമുകളുമായി ചർച്ച നടത്തുകയാണ്.
സ്റ്റേഡിയത്തിലെ റൂഫ് അറ്റകുറ്റപ്പണിക്കായി 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. മണപ്പാട്ടിപ്പറമ്പിൽ പൊതു -സ്വകാര്യ പങ്കാളിത്തത്തിൽ സിറ്റി സ്ക്വയർ പദ്ധതി നടപ്പാക്കും. ഷോപ്പിങ് മാൾ, മൾട്ടിപ്ലക്സ്, ഓഫിസ് സ്പേസ്, കൺവെൻഷൻ സെന്റർ, ഔട്ട്ഡോർ റിക്രിയേഷനൽ സ്പേസുകൾ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാകും. ജി.സി.ഡി.എ നിർവാഹകസമിതി യോഗത്തിനു ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചന്ദ്രൻപിള്ള.
ജി.സി.ഡി.എയുടെ ഒരുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും പുറത്തിറക്കി. ലൂർ മാർക്കറ്റ് നവീകരണം ഉടൻ ആരംഭിക്കും. നാലര മാസത്തിനകം മാർക്കറ്റ് തുറന്ന് നൽകും. ഗാന്ധിനഗറിൽ വനിത ഫിറ്റ്നസ് സെന്റർ ഉടൻ യാഥാർഥ്യമാക്കും. തനത് ഫണ്ടിൽനിന്ന് മൂന്നരക്കോടി രൂപ ഉപയോഗിച്ചായിരിക്കും നിർമാണം. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ടോയ്ലറ്റ് ബ്ലോക്കുകൾ നിർമിക്കും. ചങ്ങമ്പുഴ പാർക്ക് നവീകരണം ഉടൻ ആരംഭിക്കും. എക്സിബിഷൻ സൗകര്യംകൂടി ഏർപ്പെടുത്തി 4.17 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്.
ഗ്രേറ്റർ കൊച്ചി സ്പോർട്സ് മാസ്റ്റർപ്ലാൻ തയാറാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. മറൈൻ ഡ്രൈവ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് പദ്ധതിക്കായി തയാറാക്കിയ രൂപരേഖ ജി.സി.ഡി.എ നിർവാഹകസമിതി അംഗീകരിച്ചു. കാക്കനാട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ, പാർപ്പിട സമുച്ചയം നിർമിക്കും. കലൂരിൽ ഷോപ് കം ഓഫിസ് കോംപ്ലക്സ്, ഹൈകോടതി ജങ്ഷഷനിൽ ബഹുനില വാണിജ്യ കെട്ടിട സമുച്ചയം എന്നിവയും നടപ്പാക്കും.
ചിലവന്നൂർ ബണ്ട് റോഡിന്റെ പൂർത്തീകരണത്തിനായി ഫണ്ട് ലഭ്യമാക്കാൻ കിഫ്ബിക്ക് റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഷീ ഹോസ്റ്റൽ നിർമിക്കാൻ പ്ലാൻ ഫണ്ടിൽനിന്ന് സർക്കാർ മൂന്ന് കോടി രൂപ അനുവദിച്ചതാണ് വിശദമായ പദ്ധതി രൂപരേഖ ഉടൻ തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.