പൊളിച്ചു മാറ്റിയിട്ട് അഞ്ച് മാസത്തിലേറെ; പാലം പുനർനിർമാണം അവതാളത്തിൽ
text_fieldsകാക്കനാട്: പാലം പുതുക്കി പണിയുന്നതിനായി പൊളിച്ചുമാറ്റിയിട്ട് അഞ്ച് മാസം കഴിഞ്ഞു. ഇതുവരെ നിർമാണ പ്രവർത്തനങ്ങളൊന്നും പൂർത്തീകരിച്ചിട്ടില്ല. തൃക്കാക്കര നഗരസഭ 19ാം വാർഡ് തുതീയൂർ മുട്ടുങ്കൽ റോഡിലെ പാലത്തിനാണ് ഈ അവസ്ഥ. നിരവധി പേർ ജോലിക്കും വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്നതിനു ഉപയോഗിച്ചിരുന്നത് ഈ പാലത്തിലൂടെയായിരുന്നു.
മഴക്കാലമായാൽ തോട് നിറഞ്ഞു കവിഞ്ഞ് പാലം മുങ്ങുന്നത് പതിവായതോടെ ഉയർത്തി നിർമിക്കാനാണ് നിലവിലെ പാലം പൊളിച്ചത്. പുതിയ പാലം പണി ഏറ്റെടുത്ത കരാറുകാരൻ നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ബെൽറ്റ് ഉൾപ്പെടെ പൂർത്തിയാക്കി. അതേസമയം പാലത്തിന് വീതി കൂട്ടണമെന്ന ആവശ്യം ഉയർന്നതോടെ പണി അവതാളത്തിലായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പാലത്തിനു ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി പൈപ്പും ഷീറ്റുമിട്ട് താൽക്കാലിക നടപ്പാലം നിർമിച്ചാണ് ഇരു കരകളിലേക്കും യാത്രക്കാർ നടന്നു പോകുന്നത്.
പാലം പൊളിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് താൽക്കാലികമായി അടച്ചെങ്കിലും ഇപ്പോഴും ചോർച്ചയുണ്ട്. വ്യവസായ മേഖലയിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന മലിനജലമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴയിൽ തോട്ടിൽ വെള്ളം നിറഞ്ഞ് കുടിവെള്ള പൈപ്പ് മാലിന്യ ജലത്തിൽ മുങ്ങിയാണ് കിടക്കുന്നത്. അടുത്തിടെ തൃക്കാക്കര ഡി.എൽ.എഫ് ഫ്ലാറ്റുകളിൽ സംഭവിച്ച പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പുതുക്കി പണിയാൻ നഗരസഭ പൊളിച്ച പാലം പണി വൈകുന്നതിൽ പ്രതിഷേധിച്ച് സി.പി.എം പന്തം കൊളുത്തി പ്രതിഷേധം നടത്തി. തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.പി. സാജൽ ഉദ്ഘാടനം ചെയ്തു. അശോകൻ തോട്ടപ്പാട്, കെ.കെ. സന്തോഷ്, ജിതിൻ തുതിയൂർ, രേവതി അലക്സ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.