ടാറിങ് നടത്താത്ത പാലങ്ങൾ പൊളിഞ്ഞ് തുടങ്ങി
text_fieldsചെറായി: ജിഡ സഹായത്തോടെ വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയിലെ വീതികൂട്ടി പുനർനിർമിച്ച എട്ട് പാലങ്ങളിലെ ടാറിങ് ആര് നടത്തുമെന്ന കാര്യത്തിൽ 10 വർഷം പിന്നിട്ടിട്ടും തീരുമാനമായില്ല. പൊതുമരാമത്ത് പാലം വിഭാഗം പറയുന്നത് ടാറിങ് നടത്തേണ്ടത് റോഡ് വിഭാഗമാണെന്നാണ്. എന്നാൽ, പാലമായതിനാൽ അതിലെ പണികളുടെ ഉത്തരവാദിത്തം പാലം വിഭാഗത്തിനാണെന്നാണ് റോഡു വിഭാഗം പറയുന്നത്. എന്നാൽ, പുനർനിർമിച്ച എട്ടു പാലങ്ങളോട് മാത്രമാണ് ഈ വിവേചനം. പഴയ പാലങ്ങളായ ചെറായി പട്ടേരിപ്പാലം, അയ്യമ്പി രാമവർമപാലം, ഞാറക്കൽ പാലം, അപ്പങ്ങാട് പാലം, മാലിപുറം പാലം എന്നീ പാലങ്ങളിലെ ടാറിങ് റോഡ് വിഭാഗം നടത്തുന്നുമുണ്ട്.
ഇതിനിടെ ടാറിങ് നടത്താത്ത പാലങ്ങളിൽ കോൺക്രീറ്റ് സ്ലാബ് പൊളിഞ്ഞ് ഇരുചക്ര വാഹനങ്ങൾക്ക് വൻ ഭീഷണിയായി മാറിയിരിക്കയാണ്. ജിഡ സഹായത്തോടെ പുനർനിർമിച്ച ഈ പാലങ്ങൾ ആയിടക്ക് തന്നെ ടാർ ചെയ്യണമെന്ന് നിരവധി സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നെങ്കിലും പൊതുമരാമത്തിനിടയിലെ വടംവലി മൂലമാണ് ഇതുവരെ നടപടിയാകാതിരുന്നത്.
ഇപ്പോൾ മഴക്കാലമായതോടെ ഇരുചക്രവാഹനങ്ങൾ പാലത്തിലെ പൊളിഞ്ഞുകിടക്കുന്ന സ്ലാബിൽ തട്ടി തെന്നിമറിയുക പതിവായിരിക്കുകയാണ്. മാത്രമല്ല ടാറിങ് നടത്താതിരിക്കുന്നത് പാലങ്ങൾക്ക് ബലക്ഷയം ഉണ്ടാക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.
എന്നിട്ടും പൊതുമരാമത്ത് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാലങ്ങളുടെ മുകൾഭാഗത്തെ ടാറിങ് നടത്താൻ വൈപ്പിൻ എം.എൽ.എ ഇടപെടണമെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.