കേന്ദ്ര ബജറ്റ്; നിരാശയിൽ ജില്ല
text_fieldsകൊച്ചി: ജില്ലയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റ്. വ്യവസായ മേഖല, കൊച്ചി മെട്രോ, ആരോഗ്യരംഗം, ടൂറിസം മേഖല എന്നിവയുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളെയൊന്നും പരാമർശിച്ചിട്ടില്ല.
ഇക്കുറിയും കൊച്ചി മെട്രോയെ അവഗണിച്ചു. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലായിരുന്നു മെട്രോ. 1957 കോടിയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ്. ഇതിൽ 338.78 കോടിയാണ് കേന്ദ്രവിഹിതം. 2022ലെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ നേരത്തേതന്നെ 189 കോടി അനുവദിക്കുകയും ഇത് പൂർത്തിയാക്കുകയും ചെയ്തിരുന്നു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള നിർദിഷ്ട പാതയിൽ 11 സ്റ്റേഷനാണുള്ളത്. രണ്ടാംഘട്ടം ഉടൻ പൂർത്തീകരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീളുന്ന മൂന്നാം ഘട്ടത്തെക്കുറിച്ച് ചിന്തിക്കുന്ന ജനങ്ങൾക്ക് നിരാശയാണ് ബജറ്റ് നൽകുന്നത്.
കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്തോടുള്ള കടുത്ത അവഗണന ബജറ്റിൽ പ്രകടമാണ്. കൊച്ചി പോർട്ട് ട്രസ്റ്റ്, കൊച്ചി കപ്പൽശാല തുടങ്ങിയ സ്ഥാപനങ്ങളൊക്കെ വൻ പ്രതീക്ഷയിലായിരുന്നു. ചെറുകിട സംരംഭങ്ങൾക്കായി നൂറ് കോടിയുടെ വായ്പാ പദ്ധതിയുണ്ടെന്ന പ്രഖ്യാപനത്തിന്റെ ആനുകൂല്യം ജില്ലക്ക് ലഭിക്കുമോയെന്ന് നോക്കിക്കാണണം. ഇൻഫോപാർക്ക് ഉൾപ്പെടെ ഐ.ടി കമ്പനികളിലെ ജീവനക്കാർക്കും ബജറ്റ് പ്രതീക്ഷകൾ നൽകുന്നില്ല. റെയിൽവേ മേഖലയിലും നിർണായക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. പൊന്നുരുന്നി റെയിൽവേ മാർഷലിങ് യാർഡ് വികസനം, പുതിയ ട്രെയിനുകളുടെ പ്രഖ്യാപനം എന്നിവയൊന്നും ഇടംപിടിച്ചില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ബുദ്ധിമുട്ടുന്ന ജില്ലയിലെ ആതുരാലയങ്ങളെയും പരിഗണിച്ചില്ല. കൊച്ചി കാൻസർ റിസർച് സെന്റർ, ഗവ. മെഡിക്കൽ കോളജ് എന്നിവയൊന്നും പരാമർശിക്കപ്പെട്ടില്ല.
തീരമേഖലക്ക് നിരാശ
രൂക്ഷമായ കടൽക്ഷോഭ സാഹചര്യം നിലനിൽക്കുന്ന ജില്ലയിൽ തീരസംരക്ഷണത്തിന് ഒരു പരിഗണനയും ബജറ്റിൽ ലഭിച്ചിട്ടില്ല. കടൽഭിത്തി നിർമാണം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കാതിരുന്നത് നിരാശാജനകമാണ്. ഫിഷറീസ്, ടൂറിസം സഹമന്ത്രിമാർ കേരളത്തിൽനിന്നുണ്ടായിട്ടും ആ മേഖലയിലൊന്നും ഒരു പരിഗണനയും കിട്ടിയില്ല. കിഴക്കൻ മേഖലയിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഇടപെടലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.