വേണം, മെഡിക്കൽ കോളജിനൊരു ബേൺ യൂനിറ്റ്
text_fieldsകൊച്ചി: കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ ദിവസങ്ങൾക്കു മുമ്പുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരുമായി ആംബുലൻസുകൾ കുതിച്ചത് ഒരു കിലോമീറ്റർ ദൂരം പോലുമില്ലാത്ത ഗവ. മെഡിക്കൽ കോളജിലേക്കാണ്. എന്നാൽ, മെഡിക്കൽ കോളജിൽ ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളിലൊന്നും പൊള്ളൽ ചികിത്സക്ക് ആധുനിക സൗകര്യമില്ലെന്ന യാഥാർഥ്യവും ഇതോടൊപ്പം ജനശ്രദ്ധ നേടി. ആശുപത്രിയിലെ സൗകര്യക്കുറവും ബേൺ മാനേജ്മെന്റ് യൂനിറ്റിൽ വേണ്ടത്ര സംവിധാനമില്ലാത്തതും മൂലം ഗുരുതര പരിക്കേറ്റ പലരെയും കിലോമീറ്ററുകൾ താണ്ടി സ്വകാര്യ ആശുപത്രികളിലേക്കും കോട്ടയം ജില്ലയിലെ ഗവ. മെഡിക്കൽ കോളജിലേക്കുമെല്ലാം മാറ്റേണ്ടി വന്നു.
ജില്ലയിലെയും സമീപജില്ലകളിലെയും ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളജിൽ അത്യാധുനിക ബേൺ യൂനിറ്റിന്റെ ആവശ്യകതയാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മെഡിക്കൽ കോളജിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകി. നിലവിൽ ഇവിടെയുള്ള ബേൺ യൂനിറ്റ് നാമമാത്രവും വിദഗ്ധർ ഇല്ലാതെ പ്രവർത്തിക്കുന്നതുമാണ്. ആധുനിക പൊള്ളൽ ചികിത്സയിലെ അവിഭാജ്യഘടകമായ അണുമുക്തമായ അന്തരീക്ഷമൊരുക്കുന്ന ലാമിനർ എയർ ഫ്ലോ സംവിധാനമുള്ള മുറികളും സ്പെഷലിസ്റ്റ് ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന പ്രത്യേക സംഘവും മെഡിക്കൽ കോളജിനായി ഒരുക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.
പൊള്ളൽ ചികിത്സക്ക് പ്രാഥമികമായി തന്നെ ആവശ്യമായ പ്ലാസ്റ്റിക് സർജൻമാർ ഒരാൾപോലും മെഡിക്കൽ കോളജിൽ ഇല്ലെന്നും തലച്ചോറിന് ക്ഷതം സംഭവിക്കുന്നവരെ ചികിത്സിക്കാൻ ന്യൂറോ സർജനുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ പലരെയും വളരെ ലളിതമായി ത്വക്ക് മാറ്റിവെക്കുന്ന സ്കിൻ ഗ്രാഫ്റ്റിങ് ശസ്ത്രക്രിയക്ക് പോലും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു.
എഫ്.എ.സി.ടി, ഐ.ഒ.സി, ബി.പി.സി.എൽ, ഷിപ് യാർഡ് തുടങ്ങി വൻകിട വ്യവസായ ശാലകളും നൂറുകണക്കിന് ചെറുകിട വ്യവസായങ്ങളുമുള്ള നഗരമായ കൊച്ചിയിൽ പൊട്ടിത്തെറികളോ പൊള്ളലുകളോ ഉണ്ടാകാൻ സാധ്യതകളേറെയാണ്.
ഇത്തരം ഘട്ടങ്ങളിൽ കാര്യക്ഷമമായ തീപ്പൊള്ളൽ ചികിത്സ യൂനിറ്റ്, ട്രോമ കെയർ യൂനിറ്റ് എന്നിവ പ്രവർത്തിക്കേണ്ടത് ഏറെ അനിവാര്യമാണെന്നും മൂവ്മെന്റിനുവേണ്ടി ഡോ. എൻ.കെ. സനിൽകുമാർ അയച്ച കത്തിലൂടെ വ്യക്തമാക്കുന്നു.
ആരോഗ്യവകുപ്പ് സെക്രട്ടറി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ, കലക്ടർ തുടങ്ങിയവർക്കും നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.