നഗരത്തിലെ ബസ് അപകടങ്ങൾ; മൂന്നുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 5618 കേസ്
text_fieldsകൊച്ചി: നഗരത്തിൽ സർവിസ് നടത്തുന്ന ബസുകൾ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നുമാസത്തിനിടെ 5618 പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈകോടതിയിൽ. മത്സരയോട്ടത്തിനിടെ അപകടമുണ്ടായതടക്കം കേസുകളാണിത്. ബസ് ഡ്രൈവർമാർക്കെതിരേ 167 കേസുകൾ സ്വമേധയാ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതി നിർദേശപ്രകാരം കൊച്ചി സിറ്റി പൊലീസ് ഹാജരാക്കിയ നടപടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാറിന്റെ വിശദീകരണം.
നഗരത്തിൽ കഴിഞ്ഞ 14ന് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് കോടതി റിപ്പോർട്ട് തേടിയത്. പൊലീസ് നടപടികളെ കോടതി പ്രശംസിച്ചെങ്കിലും അപകടമുണ്ടാകുമ്പോൾ മാത്രം പോര കർശന നടപടിയെന്നും അലക്ഷ്യമായ ഡ്രൈവിങിനെതിരെ സ്ഥിരമായ ജാഗ്രത വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഇക്കാര്യത്തിൽ സിറ്റി പൊലീസ് കമീഷണറും ഗതാഗത കമീഷണറും ഒന്നിച്ച് പ്രവർത്തിക്കണം. നടപടി റിപ്പോർട്ടുകൾ തുടർച്ചയായി കോടതിയിൽ സമർപ്പിക്കണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു.
14ലെ അപകടത്തിൽ സ്ത്രീ അടിയിൽപ്പെട്ടിട്ടും ബസ് മുന്നോട്ടുപോയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. പല ബസുകളും കൈകാര്യം ചെയ്യുന്നത് ആർ.സി ഉടമകളല്ലെന്നും വാടകക്കെടുത്തവരാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഡ്രൈവർമാരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുണ്ടെന്നും ചൂണ്ടിക്കാട്ടി. അലക്ഷ്യമായ ഡ്രൈവിങ് നടത്തി രക്ഷപ്പെടാമെന്ന ചിന്താഗതി അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
തുടർച്ചായ നടപടികളിലൂടെ നിയമത്തോട് പേടിയുണ്ടാക്കണം. വാഹനം ഉപയോഗിക്കുന്നവരും ഉത്തരവാദിത്വം കാട്ടണം. അല്ലെങ്കിൽ വാഹനപ്പെരുക്കത്തിന്റെ കാലഘട്ടത്തിൽ റോഡ് സുരക്ഷ വഷളാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കൊച്ചിയിലെ റോഡുകളുടെ സ്ഥിതി സംബന്ധിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
നഗരത്തിൽ പലഭാഗത്തും തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇടപ്പള്ളി- പാലാരിവട്ടം പാതയിൽ സ്ഥിതി വഷളാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ത്രീ സുരക്ഷയടക്കം എങ്ങനെ ഉറപ്പാക്കുമെന്നും ലഹരി ഇടപാടുകൾ എങ്ങനെ തടയുമെന്നും കോടതി ചോദിച്ചു. തെരുവു വിളക്കുകൾ ഉറപ്പാക്കുന്നതിന് അടിയന്തര നടപടിയെടുക്കുമെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.