യാത്രക്കാരിയോട് മോശമായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
text_fieldsകൊച്ചി: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് തൽക്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആഗസ്റ്റ് നാല് മുതൽ ഒമ്പതു ദിവസത്തേക്ക് റദ്ദാക്കിയത്.
വൈക്കം -ഇടക്കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന ബസിൽ സ്ഥിരമായി യാത്രചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ് എത്തുന്നതിനു മുമ്പുതന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിർത്താമെന്ന് മറുപടി നൽകിയ ഡ്രൈവർ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു. അടുത്ത ദിവസം ഈ വിവരം ചോദ്യംചെയ്ത യാത്രക്കാരിയെ ഡ്രൈവർ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയത്. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ ലൈസൻസ് റദ്ദാക്കിയത്.
അശ്രദ്ധമായ ഡ്രൈവിങ്: ലൈസൻസ് റദ്ദാക്കി
കൊച്ചി: അലക്ഷ്യമായി വാഹനം ഓടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് 10 ദിവസത്തേക്ക് റദ്ദാക്കി. എറണാകുളം-കൂത്താട്ടുകുളം റൂട്ടിൽ സർവിസ് നടത്തുന്ന ബസിെൻറ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജിയുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.
ചോറ്റാനിക്കരക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലെ റെയിൽവേ ഗേറ്റ് അടഞ്ഞുകിടന്നിരുന്ന സമയത്ത് പള്ളിത്താഴം ഭാഗത്ത് നീണ്ട വാഹനനിര വകവെക്കാതെ ബസ് അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ചുകൊണ്ടുവരികയും മറ്റു വാഹനങ്ങൾക്ക് വാഹനതടസ്സം ഉണ്ടാക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.