ബസ് തൊഴിലാളികൾക്ക് മർദനം; നഗരത്തിൽ മിന്നൽ പണിമുടക്ക്
text_fieldsകൊച്ചി: തൊഴിലാളികളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നഗരത്തിൽ ശനിയാഴ്ച സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. വെള്ളിയാഴ്ച കലൂർ പള്ളിക്ക് സമീപം ഓട്ടത്തിനിടെ കാറിലിടിച്ചെന്ന പരാതിയിൽ ബസ് തൊഴിലാളികളെ പൊലീസ് മർദിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബസ് സമരം. ചേരാനെല്ലൂർ-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ‘റാവൂസ്’ ബസിലെ ഡ്രൈവർ അജ്മൽ ഷാ, കണ്ടക്ടർ ജിഷ്ണു രാജ് എന്നിവരെ നോർത്ത് ഇൻസ്പെക്ടർ മർദിച്ചെന്ന് ആരോപിച്ചാണ് തൊഴിലാളികൾ സമരം നടത്തിയത്. ഹൈകോടതി ഭാഗത്തുനിന്ന് പാലാരിവട്ടത്തേക്ക് വരുന്ന വഴിയാണ് ബസ് കാറിലിടിച്ചത്.
അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടന്ന സ്ത്രീയെ രക്ഷിക്കാൻ കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകെ വന്ന ബസ് കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ബസുകാർ പറയുന്നത്. 150 ബസ് സർവിസ് നടത്തിയില്ലെന്നും കാക്കനാട് റൂട്ടിൽ മാത്രമാണ് സർവിസ് നടന്നതെന്നും ബസുടമകൾ പറഞ്ഞു. സംഭവത്തിൽ നോർത്ത് സി.ഐക്കെതിരെ റാവൂസ് ബസ് ഓണർ സംഗീത് കുമാർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. അടുത്ത ദിവസം മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായി ഉണ്ടായ പണിമുടക്കിൽ നഗരത്തിൽ യാത്രക്കാർ വലഞ്ഞു. പലരും മെട്രോ സർവിസിനെയാണ് ആശ്രയിച്ചത്. ആലുവ, വൈറ്റില, ചേരാനെല്ലൂർ, ചിറ്റൂർ, ഫോർട്ട്കൊച്ചി തുടങ്ങിയ റൂട്ടുകളിലെല്ലാം ബസ് സർവിസ് മുടങ്ങി. ഏറ്റവും കൂടുതൽ ബസുകൾ മുടങ്ങിയത് ആലുവ റൂട്ടിലും വൈറ്റിലയിലുമാണ്. എന്നാൽ, സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ബി. സുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.