സ്മാർട്ടാകാനൊരുങ്ങി നഗര കനാലുകൾ; ലക്ഷ്യം ജലഗതാഗതമുൾപ്പെടെ വിപുല സൗകര്യങ്ങൾ
text_fieldsകൊച്ചി: മുഖം മാറാനൊരുങ്ങി കനാലുകൾ. കൊച്ചി നഗരത്തിലെ ആറ് കനാലുകളാണ് നഗര വികസനത്തിന്റെ ഭാഗമായി മുഖം മാറുന്നത്. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതിയിലാണ് കനാലുകൾ സ്മാർട്ടാകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കനാലുകളിൽ ജലഗതാഗതമുൾപ്പടെ ആധുനിക സൗകര്യങ്ങളും സജ്ജമാകും.
ആദ്യഘട്ടം നാല് കനാലുകൾ
കനാൽ പുനരുജ്ജീവനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാല് കനാലുകളാണ് ഉൾപ്പെടുന്നത്. ചിലവന്നൂർ,പേരണ്ടൂർ, തേവര, മാർക്കറ്റ് കനാൽ എന്നിവയാണവ. വടക്ക് അമൃത ആശുപത്രിയിൽനിന്നും ആരംഭിച്ച് തെക്ക് ചിലവന്നൂർ ടാങ്ക് ബണ്ട് റോഡിൽ അവസാനിക്കുന്ന 11.50 കി.മീറ്ററാണ് ചിലവന്നൂർ കനാലിൽപെടുന്നത്. പേരണ്ടൂർ റെയിൽവേ പാലത്തിൽനിന്നും ആരംഭിച്ച് തേവര കനാലിൽ അവസാനിക്കുന്ന 10 കി.മീറ്ററാണ് പേരണ്ടൂർ കനാലിൽ ഉൾപ്പെടുന്നത്. തേവര കായലിൽനിന്നും ആരംഭിച്ച് കൊല്ലം-കോട്ടപ്പുറം ജലപാതയിൽ അവസാനിക്കുന്ന 1.50 കി.മീറ്ററാണ് തേവര കനാലിൽ വരുന്നത്. മാർക്കറ്റ് ബാനർജി റോഡിൽനിന്നും ആരംഭിച്ച് മറൈൻ ഡ്രൈവിൽ അവസാനിക്കുന്ന 660 മീറ്ററാണ് മാർക്കറ്റ് കനാലിൽ വരുന്നത്.
പദ്ധതിക്കായി ചെലവഴിക്കുന്നത് 1528 കോടി
കനാൽ നവീകരണ പദ്ധതിക്കായി 1528 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്. കെ.എം.ആർ.എല്ലിനാണ് ഇതിന്റെ നിർമാണ ചുമതല. കനാലുകളുടെ നീളവും ആഴവും വീതിയും വർധിപ്പിച്ച് തീരങ്ങൾ സൗന്ദര്യവത്കരിക്കുകയും പാലങ്ങൾ വീതികൂട്ടി പുതുക്കി പണിയുകയും മലിനജല സംസ്കരണത്തിനായി നാല് മലിന ജല സംസ്കരണ പ്ലാന്റ് നിർമിക്കുകയും ചെയ്യും. ഇതോടെ കനാലുകളിലേക്കുള്ള മലിനീകരണം പൂർണമായും ഒഴിവാക്കാൻ കഴിയും. പദ്ധതി നടപ്പാക്കുന്നതോടെ കനാലുകളുടെ ഏറ്റവും ചുരുങ്ങിയ വീതി 16.50 മീറ്ററാകും.
സ്ഥലമേറ്റെടുപ്പ് ദ്രുതഗതിയിൽ
പദ്ധതിക്കായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ അലൈൻമന്റ് നിശ്ചയിക്കാൻ കനാൽ പുറമ്പോക്ക് അതിർത്തി നിർണയ സർവേ നടപടികൾ ആരംഭിച്ചു.ചിലവന്നൂർ കനാലിലും പേരണ്ടൂർ കനാലിലും ഈ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
മാർക്കറ്റ് കനാലിൽ ഇത് ആവശ്യമില്ലാത്തതിനാൽ ഇവിടെ നവീകരണത്തിനുള്ള ടെൻഡർ നടപടികളുടെ പരിശോധനകളാണ് പുരോഗമിക്കുന്നത്. സ്ഥലമേറ്റെടുപ്പിനായി 566.51 കോടി രൂപയാണ് കിഫ്ബി അനുമതി നൽകിയിട്ടുളളത്.
കനാലുകളിൽ ജലഗതാഗത സൗകര്യവും
പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കനാലുകളിൽ ജലഗതാഗത സൗകര്യവും ഉറപ്പാക്കാനുളള സൗകര്യങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഇടപ്പള്ളി കനാൽ പൂർണമായും ചിലവന്നൂർ കനാലിൽ ബണ്ട് റോഡ് മുതൽ എളംകുളം മെട്രോ സ്റ്റേഷൻ വരെയും ജലഗതാഗതം വിഭാവനം ചെയ്തിട്ടുണ്ട്. എന്നാൽ, റെയിൽവേ മേൽപാലങ്ങൾ ഉയർത്തുന്നത് പ്രായോഗീകമല്ലാത്തതിനാൽ മറ്റിടങ്ങളിൽ ഇത് നടപ്പാക്കൽ എളുപ്പമല്ല.
മൂന്നുവർഷം കൊണ്ടാണ് പദ്ധതി പൂർത്തീകരണം ലക്ഷ്യമിടുന്നത്. ഇതോടെ മെട്രോനഗരിയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.