പാമ്പുകളെ ശ്രദ്ധിക്കാം; അപകടമൊഴിവാക്കാം
text_fieldsകൊച്ചി: വിഷമുള്ളതും അല്ലാത്തതുമായ നിരവധി പാമ്പുകളെ വീടുകളിലും പറമ്പുകളിലും വഴിയോരങ്ങളിലുമൊക്കെ കാണുന്നത് പതിവായിട്ടുണ്ട്. അപകട സാഹചര്യങ്ങളൊഴിവാക്കാൻ പാമ്പുകളെക്കുറിച്ച് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
വനംവകുപ്പ് ആരംഭിച്ച സർപ്പ ആപ്പ് വഴി പതിനായിരത്തോളം പാമ്പുകളെയാണ് ജില്ലയിൽ പിടികൂടിയത്. സമീപ ദിവസങ്ങളിൽ കൊച്ചി നഗരത്തിലുൾപ്പെടെ മലമ്പാമ്പിനെ കണ്ട് യാത്രക്കാർ പരിഭ്രാന്തരായ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.
കാലടി മറ്റൂർ മരോട്ടിച്ചുവടിൽ ഏഴടിയോളം നീളമുള്ള മലമ്പാമ്പിനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് പിടികൂടിയിരുന്നു. യു.സി കോളജ് - തടിക്കക്കടവ് റോഡിൽ കടുപ്പാടം ജ്യോതി നിവാസ് സ്കൂളിന് സമീപത്ത് നിന്നാണ് 10 അടിയോളം നീളമുള്ള മലമ്പാമ്പിനെയും പിടികൂടിയിരുന്നു. വൈപ്പിനിലെ വിവിധ പ്രദേശങ്ങളിൽ പാമ്പുകളുടെ ശല്യം വർധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കാടപ്പാറ ചമ്മിനിയിലെ ജനവാസ മേഖലയില്‍ 25 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെ പിടികൂടിയത്, തിരു നെട്ടൂർ മഹാദേവർ ക്ഷേത്രത്തിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടിയത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിനടുത്ത തോട്ടിൽ വലയിൽ കുടുങ്ങിയത് എന്നിങ്ങനെ സംഭവങ്ങളും സമീപകാലത്തുണ്ടായതാണ്.
പാമ്പിനെ കണ്ടാൽ
ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2021 ജനുവരിയിലാണ് വനം വകുപ്പിന് കീഴിൽ സ്നേക്ക് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ മൊബൈൽ ആപ് പ്രവർത്തനം ആരംഭിച്ചത്. പാമ്പിനെ കണ്ടയുടൻ ആപ്പിൽ വിവരം നൽകിയാൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തി പിടികൂടി സുരക്ഷിത കേന്ദ്രത്തിലെത്തിക്കും.
കടിയേറ്റാല്‍
രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ബാധിക്കും. അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, ആമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.