ബ്രഹ്മപുരത്ത് സി.ബി.ജി പ്ലാന്റ് തയാർ
text_fieldsചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ബ്രഹ്മപുരത്തെ സി.ബി.ജി പ്ലാന്റ് സന്ദർശിക്കുന്നു
കൊച്ചി: ബ്രഹ്മപുരത്ത് കംപ്രസ്ഡ് ബയോ ഗ്യാസ് (സി.ബി.ജി) പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. പ്ലാന്റിന് ആവശ്യമായ രണ്ട് ബയോ ഡൈജസ്റ്ററുകളിൽ ഒരെണ്ണത്തിന്റെ നിർമാണം പൂർണമായും പൂർത്തീകരിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ബയോ ഡൈജസ്റ്ററിന്റെയും നിർമാണം പൂർത്തിയാകും.
കഴിഞ്ഞ രണ്ട് ദിവസമായി ബയോ ഡൈജസ്റ്ററിലേക്ക് ചാണകം എത്തിച്ച് ട്രയൽ റൺ ആരംഭിച്ചതായി കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അറിയിച്ചു. ഏപ്രിൽ അവസാനത്തോടെ ഭക്ഷ്യമാലിന്യം ഈ കമ്പോസ്റ്ററിലേക്ക് നിക്ഷേപിക്കാൻ കഴിയും. അതോടെ സി.ബി.ജി പ്ലാന്റിൽ നിന്ന് ഗ്യാസ് ഉൽപാദനം ആരംഭിക്കുകയും പൈപ്പ് ലൈൻ വഴി അത് ബി.പി.സിഎല്ലിന് ഉപയോഗപ്രദമാവുകയും ചെയ്യും.
18 മാസമാണ് നിർമാണ കാലാവധി പറഞ്ഞതെങ്കിലും ബി.പി.സി.എൽ നേതൃത്വത്തിൽ ആറ് മാസം മുമ്പ് തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതായി മേയർ പറഞ്ഞു. ശാസ്ത്രീയമായ ഒരു പ്ലാന്റിന് വേണ്ടി ദശാബ്ദങ്ങളുടെ കാത്തിരിപ്പ് കൊച്ചി നഗരത്തിനുണ്ട്. ഇൻഡോറിന് ശേഷം മാതൃകാപരമായി പ്രവർത്തിക്കുന്ന ഒന്നായി ബ്രഹ്മപുരത്തെ സി.ബി.ജി പ്ലാന്റ് മാറും എന്നാണ് കരുതുന്നത്. 75 ടണ്ണിൽ ആരംഭിച്ച് 150 ടൺ വരെ ഘട്ടം ഘട്ടമായി പ്ലാന്റിന്റെ പ്രവർത്തനം മുന്നേറും. വളരെ വേഗം പ്ലാന്റ് പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കാനാണ് ശ്രമം.
150 ടൺ മാലിന്യം സംസ്കരിച്ച് 15 ടൺ ബയോ ഗ്യാസ് ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസ് പൈപ്പ് ലൈൻ വഴി റിഫൈനറിയിൽ എത്തിച്ച് ഉപയോഗിക്കുകയാണ് ചെയ്യുക. ബ്രഹ്മപുരത്ത് ആകെ കണക്കാക്കിയ 8,43,000 ടൺ മാലിന്യത്തിൽ 6,08,325 ടൺ മാലിന്യം ബയോ മൈനിംഗിലൂടെ നീക്കുകയും ഇതുവഴി 18 ഏക്കർ സ്ഥലം വീണ്ടെടുക്കുകയും ചെയ്തു. ആകെയുള്ള 39 ഏക്കർ സ്ഥലത്തിന്റെ 46 ശതമാനമാണിത്. മാലിന്യം നീക്കം ചെയ്ത പ്രദേശത്താണ് സി.ബി.ജി പ്ലാന്റ് സ്ഥാപിച്ചത്.
സർക്കാർ വാക്ക് പാലിക്കുന്നു
ബ്രഹ്മപുരം ദുരന്തത്തെ മാലിന്യമുക്ത നവകേരള സൃഷ്ടിക്കുള്ള അവസരമായാണ് സർക്കാർ കണ്ടത്. മാലിന്യമുക്ത കേരളം യാഥാർഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. 2023 ലെ സംഭവത്തിന് ശേഷം ബ്രഹ്മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റും എന്ന് ഉറപ്പു നൽകിയിരുന്നു. കൊച്ചിക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കുകയാണ്. മന്ത്രി എം.ബി. രാജേഷ് (കഴിഞ്ഞമാസം ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ച ശേഷം പറഞ്ഞത്)
‘ഒരു മണിക്കൂർ പോലും മുടങ്ങാതെ നിർമാണം’
ഒരു മണിക്കൂർ പോലും നിർമാണത്തിന് തടസ്സം നേരിട്ടില്ല എന്നതായിരുന്നു ഈ പ്ലാന്റിന്റെ പ്രത്യേകത. എല്ലാ ട്രേഡ് യൂനിയനുകളും പുത്തൻകുരിശ് പഞ്ചായത്തും പി.വി. ശ്രീനിജിൻ എം.എൽ.എയും നൽകിയ സഹകരണത്തിന് നന്ദി. എല്ലാ അനുമതിയും വളരെ വേഗത്തിലാണ് കൊച്ചി നഗരസഭ നൽകിയത്. നിർമാണ കമ്പനിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും പിന്തുണയും നിരന്തരം നൽകി.
ഏത് തടസ്സവും നിമിഷനേരം കൊണ്ട് പരിഹരിക്കാൻ ബി.പി.സി.എൽ മാനേജ്മെന്റിനും നഗരസഭക്കും കഴിഞ്ഞു. ഇക്കാര്യത്തിൽ മുൻകൈയെടുത്ത സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച്, വ്യവസായ, തദ്ദേശ സ്വയംഭരണ മന്ത്രിമാർക്കും പ്രത്യേകം നന്ദി. മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ കൂടി വിജയമാണിത്. ബി.പി.സിഎല്ലിനോട് നഗരം കടപ്പെട്ടിരിക്കുന്നു. - അഡ്വ. എം. അനിൽകുമാർ (കൊച്ചി മേയർ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.