ചങ്ങമ്പുഴ പാർക്ക് നവീകരണത്തിന് നാളെ തുടക്കം
text_fieldsകൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷന്റെ സഹായത്തോടെ ജി.സി.ഡി.എ നടപ്പാക്കുന്ന ചങ്ങമ്പുഴ പാർക്ക് നവീകരണത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് ആറിന് ജി.സി.ഡി.എ മുൻ ചെയർമാൻ കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
റോഡ് നിരപ്പിനൊപ്പം ഭൂമി ഉയർത്തൽ, കൂടുതൽ ആളുകൾക്ക് പങ്കെടുക്കാനുള്ള സൗകര്യത്തോടെ സ്റ്റേജ് ഉൾപ്പെടെ ഓഡിറ്റോറിയത്തിന്റെ നവീകരണം, നിലവിലെ ഓഫിസ് കെട്ടിടത്തിനു മുകളിലായി ആർട്ട് ഗാലറി, ആംഫി തിയറ്റർ, ജലനിർഗമന സംവിധാനം സ്ഥാപിക്കൽ, കൂടുതൽ ശൗചാലയങ്ങളും വിശ്രമമുറികളും നിർമിക്കൽ, നടപ്പാത, ചുറ്റുമതിൽ , മുറ്റം നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
പാർക്കിന്റെ ചുറ്റിനും ഇലപൊഴിയാത്ത തരത്തിലുള്ള തിങ്ങിവളരുന്ന ചെടികൾ നട്ടുവളർത്തി ശബ്ദ, വായു മലിനീകരണം പരമാവധി തടയുന്നതിനും കൂടുതൽ ആകർഷണം നൽകുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കുട്ടികൾക്ക് കളിക്കുന്നതിനായി കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കും. പാർക്കിന്റെ പരിപാലനത്തിനായി വർഷത്തിൽ 12 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസം കൊണ്ട് നവീകരണ പ്രവൃത്തി പൂർത്തിയാക്കും. പാർക്ക് പൂർണമായും അടച്ചിടാതെ നവീകരണം സമയബന്ധിതമായി തീർക്കാനാണ് ശ്രമം.നാലരപ്പതിറ്റാണ്ട് മുമ്പാണ് ഇടപ്പള്ളിയിൽ ചങ്ങമ്പുഴ പാർക്ക് സ്ഥാപിച്ചത്. കുറ്റിക്കാടുകൾ വളർന്ന് ചതുപ്പായി കിടന്നിരുന്ന രണ്ട് ഏക്കർ ജി.സി.ഡി.എ ഏറ്റെടുത്ത് പാർക്കാക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ ഉദ്ഘാടനം നിർവഹിച്ചു.
വർഷത്തിൽ എല്ലാ ദിവസവും കലാ സംസ്കാരിക പ്രവർത്തനങ്ങൾ അരങ്ങേറുന്ന ഇവിടെ നിലവിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രതിമ, ഓപൺ എയർ തിയറ്റർ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ, റിക്രിയേഷൻ റൂം, വ്യത്യസ്തമാർന്ന ശിൽപങ്ങൾ, ചുമടുതാങ്ങി എന്നിവയോടൊപ്പം ഇന്ത്യൻ നേവി യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നതും പിന്നീട് ഡീ കമീഷൻ ചെയ്തതുമായ യുദ്ധവിമാനം സീ ഹോക് ഐ.എൻ 172 ഉം ഉണ്ട്. ജി.സി.ഡി.എ. ഉടമസ്ഥതയിലുള്ള പാർക്ക് നിലവിൽ പരിപാലിക്കുന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രമാണ്. പരിപാലനത്തിനായി നിശ്ചിത തുക ജി.സി.ഡി.എ ഗ്രാൻഡായി നൽകുന്നുമുണ്ട്.
പാർക്കിൽനിന്ന് 500 മീറ്റർ അകലെയായി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ തറവാടിന് സമീപത്തായി സ്ഥിതിചെയ്യുന്ന ചങ്ങമ്പുഴ സമാധിയും പരിപാലിക്കുന്നത് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.