കബളിപ്പിച്ച് സ്ഥലം തട്ടിയെന്ന്; നിരാഹാര സമരവുമായി കുടുംബം
text_fieldsകാക്കനാട്: ആധാരം ചെയ്യാതെ കബളിപ്പിച്ച് സ്വന്തം സ്ഥലത്തുനിന്ന് പുറത്താക്കിയെന്നാരോപിച്ച് നിരാഹാര സമരവുമായി കുടുംബം. തെങ്ങോട് വികാസവാണിക്ക് സമീപം പാറക്കാമുകൾ ശശിയും കുടുംബവുമാണ് പരാതിക്കാർ.
വടുതല സ്വദേശിയായ ജിമ്മി കട്ടിക്കാരൻ ഇവർ താമസിക്കുന്ന സ്ഥലത്തിെൻറ കൈവശാവകാശം സ്വന്തമാക്കി കോടതി നടപടിയിലൂടെ പുറത്താക്കിയെന്നാണ് ആരോപണം. ഇവർ താമസിച്ചിരുന്ന ഷെഡ് അകത്തുകയറാനാകാത്ത വിധം പട്ടികെവച്ച് അടച്ചു.
36 വർഷം മുമ്പ് തേവൻ എന്നയാളിൽനിന്നാണ് ശശി സ്ഥലം വാങ്ങിയത്. 6000 രൂപക്ക് എഗ്രിമെൻറ് തയാറാക്കിയെങ്കിലും ആധാരം ജിമ്മിയുടെ ൈകയിലായതിനാൽ സ്ഥലം സ്വന്തം പേരിലേക്ക് മാറ്റാൻ കഴിഞ്ഞില്ല.
ആധാരം ചെയ്യുന്നത് വൈകിയതോടെ ശശിയും കുടുംബവും ജിമ്മിയെ കണ്ടെങ്കിലും ഉടൻ പേപ്പറുകൾ ശരിയാക്കാമെന്നായിരുന്നു മറുപടി. പിന്നീട് അനധികൃതമായി സ്ഥലം കൈയേറി എന്നാരോപിച്ച് കോടതിയിൽനിന്ന് സമൻസ് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം ഇവർ അറിഞ്ഞത്.
കേസിൽ വിധിവന്നതോടെ കഴിഞ്ഞ വർഷം ഇവരെ വീട്ടിൽനിന്ന് പുറത്താക്കി. തുടർന്ന് പുറത്ത് ടാർപായ വലിച്ച് കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു ശശിയും ഭാര്യയും മകളും മരുമകനും അടങ്ങിയ കുടുംബം താമസിച്ചിരുന്നത്.
കുടുംബം പെരുവഴിയിലായതോടെയാണ് ശശി നിരാഹാര സമരത്തിനിറങ്ങിയത്. കേരള ദലിത് മഹാസഭയുടെ നേതൃത്വത്തിലാണ് സമരം. ഞായറാഴ്ച ആരംഭിച്ച റിലേ സമരം കേരള ദലിത് മഹാസഭ സംസ്ഥാന അധ്യക്ഷൻ സി.എസ്. മുരളി ശങ്കർ ഉദ്ഘാടനം ചെയ്തു.
സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സംസ്ഥാന ജനറൽ കൺവീനർ വി.സി. ജെന്നി അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ശാഖ പ്രസിഡൻറ് എം.വി. ജിനീഷ്, അഡ്വ. ജോൺ ജോസഫ്, അഷറഫ് വാഴക്കാല, പ്രശാന്ത് എം. പ്രഭാകരൻ, അഡ്വ. തുഷാർ നിർമൽ സാരഥി, മാത്യൂസ്, മുഹമ്മദ്കുഞ്ഞ് നാസർ, ജോയ് പാവേൽ, സരസ്വതി രാജു, എം.ടി. ബൈജു, എം.കെ. ജ്യോതിഷ് എന്നിവർ സംസാരിച്ചു. പി.ടി. തോമസ് എം.എൽ.എ, നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.