കൊച്ചിയുടെ കൈയൊപ്പായ ചീനവലകൾ വിസ്മൃതിയിലേക്ക്?
text_fieldsഫോർട്ട് കൊച്ചി: കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന ചീനവലകൾ ഇല്ലാതാകുമ്പോഴും നവീകരണ പദ്ധതികൾ ചുവപ്പുനാടയിൽതന്നെ. കഴിഞ്ഞ 10 വർഷത്തിനകം ചീനവല നവീകരണത്തിൽ ആറ് പ്രഖ്യാപനങ്ങളും രണ്ട് ഉദ്ഘാടനങ്ങളും നടന്നു കഴിഞ്ഞു. ആദ്യ പ്രഖ്യാപനം വന്ന ശേഷം ഫോർട്ട് കൊച്ചിയിൽ നാലും വൈപ്പിൻ തീരത്ത് ഒരു ചീനവലയും തകർന്നു. ബോട്ടിടിച്ചും മണ്ണുമാന്തി കപ്പലിടിച്ചും പോള പായൽ വലയിൽ കയറി ഭാരം കൂടിയും ചീനവലകൾ നശിക്കുകയാണ്. നിലവിലുള്ളവയിൽ പലതും ജീർണാവസ്ഥയിലും.
ചീനവലകൾ നവീകരിക്കാൻ ആദ്യം ആശയം കൊണ്ടുവന്നത് ഫോർട്ട്കൊച്ചി സന്ദർശിച്ച ചൈനീസ് അംബാസഡറാണ്. തങ്ങളുടെ രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ചീനവലകളുടെ മൊത്തം നവീകരണത്തിനായി അദ്ദേഹം രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തെങ്കിലും അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാറിന് ആ ഓഫർ ക്ഷീണമായി തോന്നി സ്നേഹപൂർവം നിരസിക്കുകയായിരുന്നു. തുടർന്ന്, സർക്കാർ ചെലവിൽ ചീനവലകളുടെ നവീകരണത്തിന് പദ്ധതി തയാറാക്കി. എന്നാൽ, ഒന്നും നടന്നില്ലെന്ന് മാത്രം.
രണ്ടാം പിണറായി സർക്കാറിൽ ടൂറിസം മന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടൻ കൊച്ചിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ചീനവല നവീകരണം അടിയന്തര പ്രാധാന്യം നൽകി പൂർത്തിയാക്കുമെന്ന് പറഞ്ഞായിരുന്നു മടങ്ങിയത്. എന്നാൽ, ചീനവലക്ക് വേണ്ട കുറെ തടികൾ എത്തിച്ചതല്ലാതെ നവീകരണ ജോലികൾ ഒരു വലയുടെ ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങി. കൊണ്ടുവന്ന തടികളാകട്ടെ, വെയിലും മഴയും കൊണ്ട് നശിക്കുന്നു. ചീനവലകൾക്കാവശ്യമായ മര ഉരുപ്പടികൾ ലഭ്യമാണെന്നിരിക്കെ, അവ കൃത്യമായി ലഭിക്കാൻ സംവിധാനമില്ല. വനം വകുപ്പും ടൂറിസം, റവന്യൂ വകുപ്പുകളും തമ്മിലുള്ള ഏകോപനമില്ലായ്മയും നടപടി ക്രമങ്ങളും അഴിമതിയുമാണ് പ്രധാന പ്രശ്നമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. രണ്ടുപതിറ്റാണ്ടിനകം കൊച്ചി തീരത്ത് എട്ട് ചീനവലകളാണ് ഇല്ലാതായത്. ബാക്കിയുള്ളവയാകട്ടെ, ഏത് ഘട്ടത്തിലും തകർന്നുവീഴാവുന്ന നിലയിലുമാണെന്ന് തൊഴിലാളികളും പറയുന്നു. ഇതിനിടെയാണ് മത്സ്യബന്ധന യാനങ്ങൾ ഇടിച്ച് ചീനവലകൾ തകരുന്ന സംഭവങ്ങൾ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.