പെരിയാറില്‍ രാസമാലിന്യം; അപകടകരമായ അളവില്‍ കീടനാശിനി
text_fieldsകൊച്ചി: പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും കലർന്നതായി കണ്ടെത്തൽ.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി കലർന്നതായി വ്യക്തമായത്. മനുഷ്യജീവനെ നേരിട്ട് ബാധിക്കുന്ന ഈ അപകടാവസ്ഥയിലും അധികൃതർ കണ്ണടക്കുന്നതായി ആക്ഷേപം ഉയരുന്നു.
പെരിയാറിലെ വെള്ളത്തില്‍ രാസമാലിന്യം പോലെതന്നെ അപകടകരമായ അളവിലാണ് കീടനാശിനിയും കലര്‍ന്നിട്ടുള്ളത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കെമിക്കല്‍ ഓഷിനോഗ്രഫി ഡിപ്പാര്‍ട്ടുമെന്റും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പല ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. അപകടകരമാം വിധം രാസമാലിന്യങ്ങൾ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് കുഫോസ് പരിശോധനയിലും സ്ഥിരീകരിച്ചത്. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ മാത്രം പെരിയാറിന് ക്ലീൻ ചിറ്റാണ്.
എന്‍ഡോസള്‍ഫാനും ഡി.ഡി.ടിയുമെല്ലാം നിര്‍മ്മിച്ചിരുന്ന ഫാക്ടറികള്‍ പെരിയാറിന്റെ ഇരുകരകളിലുമുണ്ടായിരുന്നു.
അടച്ചുപൂട്ടിപ്പോയ ഫാക്ടറികളില്‍ നിന്ന് മുമ്പ് നിക്ഷേപിച്ച കീടനാശിനികള്‍ പോലും ഇപ്പോഴും പെരിയാറിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന അളവില്‍ അടിഞ്ഞു കിടപ്പുണ്ട്.
ഒപ്പം കൃഷി ആവശ്യത്തിനായി പരിധിയില്ലാതെ ഉപയോഗിക്കുന്ന കീടനാശിനികളും ഒഴുകി പെരിയാറിൽ എത്തുന്നു. കൃഷിയിടങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കീടനാശിനി മുകള്തട്ടിനേയും മലിനമാക്കിയെന്നാണ് നിഗമനം.
വെള്ളത്തിന്റെ ഘടനയിൽ മാറ്റം; ജൈവ മാലിന്യങ്ങളും തള്ളുന്നു
കൊച്ചി: രാസമാലിന്യങ്ങൾക്കൊപ്പം പെരിയാറിൽ ജൈവമാലിന്യങ്ങളും അടിഞ്ഞു കൂടുന്നു. സമീപത്തുള്ള തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പടെ പെരിയാറിലേക്ക് കാനകളിലൂടെ മാലിന്യം തള്ളുന്നുവെന്നാണ് ആരോപണം. പൊതുജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒട്ടും പിന്നിലല്ല. അടിഞ്ഞുകൂടുന്ന ജൈവമാലിന്യങ്ങൾ പെരിയാറിലെ വെള്ളത്തിന്റെ ഘടനയെ പോലും ബാധിക്കുന്നുണ്ട്. അറവുശാല മാലിന്യവും ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം തള്ളുന്ന ഇടവുമായിരിക്കുന്നു പെരിയാർ. പാമ്പുകളും മത്സ്യങ്ങളുമെല്ലാം ചത്തുപൊങ്ങുന്നു പലപ്പോഴും. അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽ വിഘടനം നടക്കുന്നതോടെ വെള്ളത്തിന്റെ ഘടനയിലും മാറ്റം വരികയാണ്. വെള്ളത്തിന്റെ ഗുണനിലവാരത്തെയും ഇത് നശിപ്പിക്കുകയാണ്.
വ്യവസായശാലകൾ മാലിന്യം ഒഴുകുന്നത് പെരിയാറിലേക്ക്
കൊച്ചി: നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വ്യവസായശാലകൾ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നത്. എട്ടു കമ്പനികൾക്ക് മാത്രമാണ് സംസ്കരിച്ച മലിനജലം നിയന്ത്രിത അളവിൽ പെരിയാറിലേക്ക് ഒഴുക്കാൻ അനുവാദം. എന്നാൽ എല്ലാ ഫാക്ടറികളും നിർബാധം രാസമാലിന്യം ഒഴുക്കുകയാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇതിന് മൗനാനുവാദവും നൽകുന്നു.
എടയാർ-ഏലൂർ മേഖലകളിൽ പെരിയാറിന്റെ ഇരുഭാഗത്തും ഫാക്ടറികളിൽ നിന്ന് രാസമാലിന്യം പെരിയാറിലേക്കൊഴുക്കുന്ന അനധികൃത ഔട്ട്ലറ്റുകൾ കാണാം. മാലിന്യക്കുഴലുകളും ഇവിടെ നിരവധിയുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ള വ്യവസായശാലകളിൽ ഒന്നിൽ പോലും മാലിന്യ സംസ്കരണ യൂനിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് 2016ൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുസാറ്റിലെ റിപ്പോർട്ടിൽ അപകടകാരിയായ അമോണിയയുടെ അളവ് ഒരു സാമ്പിളിൽ മാത്രം ലിറ്ററിൽ 60 മില്ലി ഗ്രാം ഉണ്ട്. നൈട്രേറ്റിന്റെ അളവ് 139.9 മില്ലി ഗ്രാം പെർ ലിറ്ററും സൾഫേറ്റിന്റെ അളവ് 14,297 മില്ലി ഗ്രാം പെർ ലിറ്ററും ഈ സാമ്പിളിൽ നിന്ന് കിട്ടി. മറ്റ് സാമ്പിളുകളുടെ ഫലമാകട്ടെ കുഫോസിലെ പരിശോധനാ ഫലത്തിനൊപ്പം നിൽക്കുന്നു. കുഫോസിൽ സൾഫേറ്റ് ലിറ്ററിൽ 176.9 മില്ലി ഗ്രാമും അമോണിയ ലിറ്ററിൽ 3.296 മില്ലി ഗ്രാമുമാണ്. സൾഫൈഡും കാൽസ്യവും വളരെ ഉയർന്ന അളവിൽ തന്നെ.
വെള്ളവും മണ്ണും വായുവും മലിനം
കൊച്ചി: പെരിയാറിലെ രാസമാലിന്യങ്ങള്‍ സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളെയും മലിനമാക്കുന്നു.
ഏലൂര്‍-എടയാര്‍ മേഖലകളിലെ കിണര്‍ വെള്ളം മുഴുവന്‍ മലിനമാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. ഏലൂര്‍ നഗരസഭയിലെ കിണറുകളടക്കം മുഴുവന്‍ ശുദ്ധജല സ്രോതസുകളും മലിനമായതിനെ തുടര്‍ന്ന് ഇവിടുത്തെ 3000ത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുകയാണ്. പെരിയാറിന്റെ തീരപ്രദേശങ്ങളിലെ മണ്ണും വായുവും പൂര്‍ണമായും മലിനമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കെമിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പും സുപ്രീംകോടതി നിരീക്ഷണ സമിതി നിയോഗിച്ച പ്രാദേശിക പരിസ്ഥിതി കമ്മിറ്റിയും ഇത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രാദേശിക പരിസ്ഥിതി കമ്മിറ്റി ഏലൂരിലെ ആറു വാര്‍ഡുകളിലെ കിണറുകളില്‍ നടത്തിയ പരിശോധനയില്‍ കിണര്‍ വെള്ളം മലിനമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഏലൂര്‍ നഗരസഭയിലെ 3,000ത്തോളം വീടുകളെ സൗജന്യ കുടിവെള്ള പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്നത്. ഗ്രൗണ്ട് വാട്ടര്‍ മലിനീകരണം നടത്തിയതിന് ഐ.ആര്.ഇ, എച്ച്.ഐ.എൽ, ഫാക്ട്, മെര്‍ക്കം എന്നീ നാല് വ്യവസായ ശാലകളില്‍ നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ഈടാക്കിയാണ് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് സൗജന്യ ശുദ്ധജല വിതരണം സാധ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.