ചെങ്ങമനാട് നമ്പർവൺ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നാശത്തിന്റെ വക്കിൽ
text_fieldsചെങ്ങമനാട്: നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് കൃഷികൾക്ക് ജലസേചന സംവിധാനമൊരുക്കുന്ന പുത്തൻതോട് ഭാഗത്തെ ചെങ്ങമനാട് നമ്പർവൺ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ മുറവിളിയുയരുന്നു. രാജഭരണകാലത്ത് തുടക്കംകുറിച്ച പദ്ധതിയാണിത്.
പ്രധാനമായും നെൽകർഷകരാണ് വലയുന്നത്. പെരിയാറിന്റെ കൈവഴിയൊഴുകുന്ന പാനായിത്തോട്ടിൽനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്താണ് പദ്ധതി. പാനായിത്തോടും സമീപപ്രദേശങ്ങളും മാലിന്യത്തോടായതോടെയാണ് പുത്തൻതോട് ഭാഗത്തേക്കും വെള്ളമൊഴുകാതെ തോട് കരപോലെയായത്. ആദ്യകാലത്ത് യഥാസമയം ഇറിഗേഷൻ വകുപ്പ് ഇടപെട്ട് മാലിന്യം നീക്കിയിരുന്നു. പിന്നീട് പഞ്ചായത്തുകളും മാലിന്യം നീക്കിയിരുന്നു. എന്നാലിപ്പോൾ കുറെ നാളുകളായി മാലിന്യം നീക്കുന്ന കാര്യത്തിലും ശോച്യാവസ്ഥ പരിഹരിക്കുന്നതിലും നാഥനില്ലാത്ത അവസ്ഥയാണ്. ആദ്യകാലങ്ങളിൽ തുടർച്ചയായി 20 മണിക്കൂറോളം പമ്പിങ് നടത്തിയിരുന്ന പദ്ധതിയാണിത്. പിന്നീട് 11 മണിക്കൂറും അടുത്തകാലത്ത് എട്ടുമണിക്കൂറുമാക്കി. നാല് പമ്പ് ഓപറേറ്റർമാർ ജോലി ചെയ്തിരുന്ന ഇവിടെയിപ്പോൾ ഒരാൾ മാത്രമാണുള്ളത്. മാസങ്ങളായി പാനായിത്തോട് മുതൽ പുത്തൻതോട് വരെയുള്ള ലീഡിങ് ചാനലിൽ മാലിന്യം നിറഞ്ഞതോടെ പമ്പിങ് പൂർണമായി മുടങ്ങുന്ന അവസ്ഥയായിരുന്നു. കർഷകരുടെ മുറവിളിയെത്തുടർന്ന് പമ്പ് ഹൗസ് മുതൽ കുന്നിശ്ശേരിക്കടവ് വരെ രണ്ടാഴ്ച മുമ്പ് ചളിയും മാലിന്യവും നീക്കിയെങ്കിലും ആറുമണിക്കൂർ പോലും പമ്പിങ് പൂർത്തിയാക്കാൻ സാധിക്കുന്നില്ലത്രേ. ആറുവർഷം മുമ്പാണ് പ്രതിഷേധങ്ങൾക്കൊടുവിൽ പമ്പ് ഹൗസ് നവീകരിച്ചത്. നാഥനില്ലാത്ത അവസ്ഥ വന്നതോടെ ഉപകനാലുകളും മറ്റും കോൺക്രീറ്റ് ചെയ്ത് സ്വകാര്യ ഫ്ലാറ്റുകളടക്കം വഴികളാക്കി മാറ്റിയതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.