വോട്ടുചെയ്യുന്നിടത്ത് കുട്ടികൾക്കെന്തു കാര്യം?
text_fieldsകൊച്ചി: പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന പഴഞ്ചൊല്ലിന് ഇവിടെ പ്രസക്തിയില്ല, കാരണം വോട്ടെടുപ്പ് നടക്കുന്നിടത്തെല്ലാം വോട്ടർമാരല്ലാത്ത കുട്ടികളുടെ നിറഞ്ഞ സാന്നിധ്യവുമുണ്ടായിരുന്നു. മാതാപിതാക്കളുടെ കൈ പിടിച്ച് മുതിർന്ന വോട്ടർമാരേക്കാൾ ഗമയോടെയാണ് ഭാവിയിലെ വോട്ടർമാർ ബൂത്തുകളിലെത്തിയത്. കൈക്കുഞ്ഞുങ്ങളെ എടുത്തു നിൽക്കുന്നവർ കുഞ്ഞുങ്ങളുമായി തന്നെയാണ് ഉള്ളിൽ കയറി വോട്ടു ചെയ്തത്. എന്നാൽ, കുറേക്കൂടി വലിയ കുട്ടികൾ പുറത്ത് മറ്റുള്ളവരുടെ കൂടെ വോട്ടു ചെയ്തു വരുന്ന അമ്മമാർക്കായി കാത്തുനിന്നു. വോട്ടെടുപ്പ് കേന്ദ്രങ്ങളായ എൽ.പി സ്കൂളുകളിലും മറ്റും ഉണ്ടായിരുന്ന വിനോദോപാധികളായിരുന്നു മുതിർന്നവർ നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ കുരുന്നുകൾക്ക് ആശ്വാസമായത്. സീസോ, സ്ലൈഡ്, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരണങ്ങൾ ഉൾപ്പെടുന്ന കുട്ടിപാർക്കുകൾ മിക്ക സ്കൂളുകളിലുമുണ്ടായിരുന്നു.
മുതിർന്നവർ വോട്ടു ചെയ്ത് ഗൗരവതരമായ സമ്മതിദാന പ്രക്രിയയുടെ ഭാഗമായപ്പോൾ പാർക്കിൽ കളിച്ചു തിമർക്കുകയായിരുന്നു പലരും. സ്കൂൾ പൂട്ടിയതിനാൽ വീട്ടിൽ തന്നെയായതിന്റെ മടുപ്പും വിരസതയും ഒഴിവാക്കാനും ഒരു ദിവസം പുറത്തിറങ്ങി ആഘോഷിക്കാനും കിട്ടിയ അവസരമായാണ് കുട്ടികൾ വോട്ടെടുപ്പു ദിനത്തെ കണ്ടത്. പലർക്കും അവധിക്കാലത്തിനിടെ വോട്ടെടുപ്പു കേന്ദ്രമായ സ്വന്തം സ്കൂളിൽ തന്നെ ഒരിക്കൽ കൂടി എത്താനായി. ഇങ്ങനെ വന്ന കുട്ടികൾ സഹപാഠികളെ കണ്ട് സൗഹൃദം പുതുക്കുന്നതും വെക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കുന്നതും കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.