ക്രിസ്മസും പുതുവത്സരവും വരുന്നു; മിന്നിത്തിളങ്ങി വിപണി
text_fieldsകൊച്ചി: രാത്രിയാകുമ്പോൾ നഗരം മിന്നിത്തിളങ്ങുകയാണ്. എവിടെയും ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാനുള്ള ഒരുക്കം സജീവം. നക്ഷത്രങ്ങളും പലവർണങ്ങളിൽ മിന്നിത്തിളങ്ങുന്ന ബൾബുകളുമടക്കം നാടെങ്ങും ക്രിസ്മസ് വിപണി ഉണർന്നു. 25ന്റെ ചെറിയ നക്ഷത്രങ്ങൾ മുതൽ 750 രൂപവരുന്ന ചൈനീസ് നക്ഷത്രങ്ങളും അതിനെക്കാൾ കൂടിയ വിലയിലുള്ളവയും വിപണിയിലുണ്ട്. സിനിമ പേരുകളുള്ളവയാണ് ഇത്തവണയും വിപണിയെ കീഴടക്കുന്നത്. ആർ.ഡി.എക്സ് എന്ന പേരിലിറങ്ങിയ നക്ഷത്രമാണ് പുതിയ ഐറ്റം. ഇതിനു പുറമെ രോമാഞ്ചം, ജയിലര്‍, ലിയോ ഇങ്ങനെ പോകുന്നു നക്ഷത്രങ്ങളുടെ പേരുകള്‍. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം നിർമിച്ച് നൽകുന്നവരുമുണ്ട്.
ആവശ്യക്കാർ ഏറെയുള്ള വാൽനക്ഷത്രങ്ങളുടെ എണ്ണത്തിലും ഇത്തവണ കുറവ് വരുത്തിയിട്ടില്ല. പ്ലാസ്റ്റിക് പേപ്പറുകൊണ്ട് നിർമിച്ച വിവിധ വർണത്തിലും വലുപ്പത്തിലുള്ളതുമായ നക്ഷത്രങ്ങളാണ് മറ്റൊരു ആകർഷണം. കഴിഞ്ഞ വർഷം വിപണിൽ തിളങ്ങിയ നിയോൺ നക്ഷത്രങ്ങൾക്കും ആവശ്യക്കാരുണ്ട്. ആയിരത്തിനു മുകളിലാണ് ഇവയുടെ വില.
രണ്ടടി ഉയരമുള്ള ക്രിസ്മസ്ട്രീക്ക് 250 രൂപയാണ് വില. നാലടിക്ക് 350, മെറ്റല്‍ ട്രീക്ക് 600, പൈന്‍ ട്രീക്ക് 750 രൂപ മുതലുമാണ് വില. പ്രത്യേക എൽ.ഇ.ഡി ക്രിസ്മസ് ട്രീകൾക്ക് 3500 രൂപ വരെയുമാണ്. എൽ.ഇ.ഡി മാലലൈറ്റുകൾ 150-500 എന്നിങ്ങനെ നീളുന്നു വില. ബലൂണുകള്‍ അഞ്ചുരൂപ മുതലും മറ്റ് അലങ്കാരവസ്തുക്കള്‍ പാക്കറ്റിന് 50 രൂപ മുതലും ലഭ്യമാണ്. ഈറ്റയുടെ പുൽക്കൂടിന് 300, 450 എന്നിങ്ങനെയാണ് വില. പുൽക്കൂട്ടിൽവെക്കുന്ന ഒരു സെറ്റ് പ്രതിമകൾക്ക് 300 രൂപവരെ വിലയുണ്ട്. വലുപ്പമനുസരിച്ച് ഇവയുടെ വിലയിലും മാറ്റം വരുന്നുണ്ട്. വലിയ സെറ്റിന് 1200 രൂപവരെ വിലയുണ്ട്.
ഡിമാൻഡ് കുറവാണെങ്കിലും പഴയകാലങ്ങളിൽ ക്രിസ്മസ്, പുതുവർഷാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയിരുന്ന ആശംസ കാർഡുകൾ ഇപ്പോഴും വിപണിയിലുണ്ട്. വസ്ത്രവ്യാപാര മേഖലയിലും വില്പന പൊടിപൊടിക്കുകയാണ്. ക്രിസ്മസ്, പുതുവർഷ ഓഫറുകള്‍ പലയിടങ്ങളിലും ആരംഭിച്ചു. കേക്ക് മേളകളും നഗരത്തിന്റെ വിവിധയിടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.