നിങ്ങൾ നിരീക്ഷണത്തിൽ; ക്രിസ്മസ്-പുതുവത്സരാഘോഷം, കർശന നടപടിക്ക് പൊലീസ്
text_fieldsകൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ലഹരിക്കുറ്റങ്ങൾ തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനവുമായി എക്സൈസ്, പൊലീസ് സംഘങ്ങൾ. മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും എക്സൈസ് വകുപ്പ് 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്നു.
ജനുവരി മൂന്നുവരെ നീളുന്ന സ്പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലതലത്തില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലും എല്ലാ താലൂക്ക് തലത്തിലും എക്സൈസ് സര്‍ക്കിള്‍ ഓഫിസ് കേന്ദ്രീകരിച്ചും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ച വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലെ മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ കണ്ട്രോള് റൂമില്‍ അറിയിക്കാം.
പ്രവർത്തനം ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച്
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സുകള്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തില്‍ ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് പ്രവര്‍ത്തിക്കുന്നു.
നോര്‍ത്ത് പറവൂര്‍, വരാപ്പുഴ, ആലുവ, പെരുമ്പാവൂര്‍, മാമല, കാലടി, അങ്കമാലി ഉള്‍പ്പെടുന്ന ആലുവ മേഖലയാണ് ഒന്ന്. മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുട്ടമ്പുഴ ഉള്‍പ്പെടുന്ന കോതമംഗലം മേഖല രണ്ടാമത്തേത്. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, ഞാറയ്ക്കല്‍, എറണാകുളം, തൃപ്പൂണിത്തുറ ഉള്‍പ്പെടുന്ന കൊച്ചി മേഖല മൂന്നാമത്തേത്.
ഹൈവേ പട്രോള്‍
ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും നിലവിലെ സ്ട്രൈക്കിങ് ഫോഴ്സുകള്‍ക്ക് പുറമെ ഹൈവേ പട്രോള്‍ ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
ഡി.ജെ പാര്‍ട്ടി പരിശോധന
ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്ന ഇടങ്ങളില്‍ അനധികൃത മദ്യ-മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി എക്സൈസ്, പൊലീസ്, കസ്റ്റംസ്, മറ്റ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തും.
വാഹന പരിശോധന
വാഹന പരിശോധന വര്‍ധിപ്പിക്കുകയും 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധന ശക്തമാക്കുകയും പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളില്‍ മിന്നല്‍ പരിശോധന നടത്താന്‍ രണ്ട് സ്ട്രൈക്കിങ് ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം പരാതികള്‍ അന്വേഷണ വിധേയമാക്കും. വനമേഖലയിലും, വ്യാജമദ്യ ഉൽപാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കും.
ഷാഡോ എക്സൈസ്
ജില്ലയില്‍ മദ്യമയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തെയും വിന്യസിച്ചു. മഫ്തിയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
സംയുക്ത പരിശോധന
എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, പൊലീസ്, ഡ്രഗ്സ്, ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തും.
കരുതല്‍ തടങ്കല്‍
മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികളെ മുന്‍കൂര്‍ കസ്റ്റഡിയിലെടുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
പരാതി അറിയിക്കാം
ജനുവരി മൂന്നുവരെ നീളുന്ന സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എല്ലാ അബ്കാരി, നാര്‍കോട്ടിക്, എം ആൻഡ് ടി.പി ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. സ്പെഷല്‍ ഡ്രൈവ് കാലയളവില്‍ മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരങ്ങൾ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.