സി.എച്ചിന്റെ ഓർമ: ഫുട്ബാൾ ടൂർണമെൻറുമായി 37ാം വർഷവും പി.എം. ഹമീദ്
text_fieldsമട്ടാഞ്ചേരി (എറണാകുളം): തുടർച്ചയായി 37ാം വർഷവും മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമക്കായുള്ള ഫുട്ബാൾ ടൂർണമെൻറുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സ്വദേശി പി.എം. ഹമീദ്. 1983 സെപ്റ്റംബർ 28നാണ് സി.എച്ച് മരണപ്പെടുന്നത്. സി.എച്ചിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഹമീദ് 1983 ഒക്ടോബർ 28ന് സി.എച്ച് സ്മാരക ഫുട്ബാൾ ടൂർണമെൻറ് തുടങ്ങി. ഒരിക്കലും മുടങ്ങാതെ ആ ടൂർണമെൻറ് ഇക്കൊല്ലവും അരങ്ങേറുന്നു.
ഏപ്രിൽ ഏഴിന് ഫോർട്ട്കൊച്ചി വെളിഗ്രൗണ്ടിൽ ആരംഭിക്കുന്ന ടൂർണമെൻറ് ഫുട്ബാൾ കോച്ചും കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ വൈസ് ക്യാപ്റ്റനുമായിരുന്ന ടി.എ. ജാഫർ ഉദ്ഘാടനം ചെയ്യും. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുകയാണ് ഹമീദ് ഇപ്പോൾ. ലക്ഷങ്ങൾ ചെലവ് വരുന്ന ടൂർണമെൻറ് എങ്ങിനെയൊക്കെയാണ് മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് അദ്ദേഹത്തിനു തന്നെ അറിയില്ല. കുറെ സഹൃദയർ തന്നെ സഹായിക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ ഇക്കാലമത്രയും ഭംഗിയായി മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് ഹമീദ് പറയുന്നു.
ടൂർണമെൻറ് തുടങ്ങാറായാൽ ഹമീദിന് ഊണും ഉറക്കവുമില്ല. കളിസ്ഥലം, കളിക്കാർ, അവർക്കുള്ള സമ്മാനങ്ങളും ചെലവും അതിഥികളെ കൊണ്ടുവരലുമെല്ലാം ഹമീദ് എന്ന ഒറ്റയാൾ പട്ടാളം തന്നെയാണ് ചെയ്യുന്നത്. താൻ ക്ഷണിച്ച് വരുത്തുന്നവർ കളി കാണാനെത്തിയാൽ തിരക്കിനിടയിലും ഹമീദ് പരിചരിക്കാൻ സമയം കണ്ടെത്തും.
വെളിലയൻസ് ഫോർട്ടുകൊച്ചിയും വയന എഫ്.സി.യും തമ്മിലാണ് ആദ്യ മത്സരം. സ്കോർ ലൈൻ എറണാകുളം, കൊച്ചിൻ യൂത്ത് സോക്കാർ, അമച്വർ ആലുവ, ഉദയസ്പോർട്സ്, ബൈസൻറയിൻ കൊച്ചി, ബോൾഗാട്ടി ഫുട്ബാളേഴ്സ്, ലീഡേഴ്സ് ഫുട്ബാൾ അക്കാദമി, ഗ്രാസ് ഹോപ്പേർസ്ഫോർട്ട്കൊച്ചി എന്നിവയാണ് മത്സരിക്കുന്ന മറ്റു ടീമുകൾ. ഏപ്രിൽ 15 നാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.