ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർമപദ്ധതിയുമായി സിറ്റി പൊലീസ്
text_fieldsകൊച്ചി: വ്യാപക സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ കർമപദ്ധതികളുമായി പൊലീസ്. ഏതാനും മാസങ്ങൾക്കിടെ ഒാൺലൈൻ തട്ടിപ്പിലൂടെ മാത്രം കോടികളാണ് നഗരത്തിൽ നഷ്ടമായത്. കൂടുതലാളുകൾ ഇത്തരം കെണികളിൽ വീഴുന്നതാണ് ബോധവത്കരണം കാര്യക്ഷമമാക്കാൻ സിറ്റി പൊലീസിനെ പ്രേരിപ്പിക്കുന്നത്.
ഓൺലൈൻ പണം തട്ടിപ്പ് ഉൾെപ്പടെയുള്ള പരാതികളിൽ പൊലീസിന് തലവേദനയാകുന്നത് കേസ് അന്വേഷണമാണ്. പരാതിപ്പെടുന്നതിലുള്ള താമസമാണ് ആദ്യ വെല്ലുവിളി. പരാതി ലഭിച്ചാൽതന്നെ പ്രതികളിലേക്കെത്തുന്നത് അതിലേറെ ദുഷ്കരമാണ്. കൂടുതലും സംഘങ്ങൾ ചേർന്നാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.
ഇവരിലേക്കെത്തലാണ് ഏറ്റവും വലിയ പ്രതിസന്ധി. മറ്റ് സംസ്ഥാനങ്ങളിലോ പുറം രാജ്യങ്ങളിലോ ഇരുന്നാണ് സംഘം തട്ടിപ്പുകൾ നിയന്ത്രിക്കുന്നതെന്നതിനാൽ അന്വേഷണത്തിന് വിവിധ ഏജൻസികളെയും വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രതികളിലേക്കെത്തുന്നത് ഏറെ ക്ലേശകരമാണ്.
രാജ്യത്തിനകത്ത് നിന്നുള്ളവരാണ് തട്ടിപ്പ് സംഘമെങ്കിൽ ചുരുങ്ങിയത് മൂന്ന് ഏജൻസികളുടെയെങ്കിലും സഹായം അന്വേഷണത്തിൽ വേണ്ടിവരും. നിയമനടപടികൾ കാര്യക്ഷമമാക്കുന്നതിനൊപ്പം ബോധവത്കരണവും ശക്തമാക്കുന്നതിനാണ് പൊലീസിന്റെ പ്രഥമ പരിഗണന.
ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, ഇതര സന്നദ്ധ സംഘടനകൾ എന്നിവയെ ഉപയോഗപ്പെടുത്താനാണ് തീരുമാനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സമൂഹ മാധ്യമങ്ങളിലടക്കം പങ്കുെവക്കപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ പലപ്പോഴും തട്ടിപ്പുസംഘങ്ങളുടെ കൈവശമെത്താറുണ്ട്.
അനാവശ്യ ആപ്പുകളുടെ ഉപയോഗവും വ്യക്തിഗത വിവരങ്ങൾ ചോരാനിടയാക്കുന്നുണ്ട്. ഇതിനുപുറമെ, തട്ടിപ്പുസംഘങ്ങൾ വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നുമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം അവബോധമുണ്ടാക്കുക വഴി ഒാൺലൈൻ തട്ടിപ്പുകൾക്ക് ഒരു പരിധി വരെ തടയിടാൻ കഴിയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഓൺലൈൻ തട്ടിപ്പുകളും ലഹരി മാഫിയയും വെല്ലുവിളി -സിറ്റി പൊലീസ് കമീഷണർ
വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പും ലഹരി മാഫിയയുടെ പ്രവർത്തനങ്ങളുമാണ് നഗരത്തിൽ പൊലീസ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സിറ്റി പൊലീസ് കമീഷണറായി ചുമതലയേറ്റ പുട്ട വിമലാദിത്യ. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം ഗതാഗതക്കുരുക്കും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും തലവേദനയാണ്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ കുറക്കാൻ നൈറ്റ് പൊലീസിങ് സജീവമാക്കും. ലഹരിക്കെതിരെ കാര്യക്ഷമമായ ഇടപെടലാണ് പൊലീസ് നടത്തുന്നത്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ആവർത്തിച്ച് ലഹരി കുറ്റങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ നടപടി കർശനമാക്കും. പ്രസ്ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.