നഗരത്തിലെ റോഡുകളും നടപ്പാതകളും; ആധുനികവത്കരിക്കാൻ കർമപദ്ധതി
text_fieldsകൊച്ചി: നഗരത്തിലെ സഹോദരൻ അയ്യപ്പൻ റോഡിലെ ആധുനിക നടപ്പാത നിർമാണമുൾപ്പെടെ വികസന പദ്ധതിയുടെ രൂപരേഖയായി. നഗരത്തിലെ റോഡുകൾക്കൊപ്പം നടപ്പാതകളും മെച്ചപ്പെടുത്തുക എന്നതാണ് കർമപദ്ധതിയുടെ ലക്ഷ്യം.
വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് നഗരസഭ തീരുമാനം. ഇതിന്റെ ഭാഗമായി മനോരമ ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെ നീളുന്ന കൊച്ചി മെട്രോയുടെ ഇരു ഭാഗങ്ങളിലും ഫുട്പാത്തുകൾ മനോഹരമാക്കുന്നതോടൊപ്പം വഴിവിളക്കുകൾ സ്ഥാപിക്കും. ഇതിന്റെ പദ്ധതി കെ.എം.ആർ.എൽ തയാറാക്കിക്കഴിഞ്ഞു. ഭിന്നശേഷിയുള്ളവർക്കും കാഴ്ച പരിമിതിയുള്ളവർക്കും വയോധികർക്കുമുൾപ്പെടെ സുരക്ഷിതമായി അനായാസം സഞ്ചരിക്കാവുന്ന തരത്തിലാണ് നടപ്പാത ഒരുക്കുന്നത്. നിലവിലെ ഓടകൾ പുനർനിർമിക്കാനും ആവശ്യമുള്ള സ്ഥലങ്ങളിൽ പുതിയ കാനകൾ നിർമിക്കാനും പദ്ധതിയുണ്ട്. മാൻഹോളുകളുൾപ്പെടെ നിർമിച്ച് മഴക്കാലത്ത് വെള്ളക്കെട്ട് തടയാനുള്ള നടപടി സ്വീകരിച്ചാകും നിർമാണം.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ആവശ്യമായ വഴിവിളക്കുകളും വേസ്റ്റ് ബിന്നുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കും. വൈറ്റില ജങ്ഷൻ മുതൽ മനോരമ ജങ്ഷൻ വരെ നീളുന്ന സഹോദരൻ അയ്യപ്പൻ റോഡാണ് പദ്ധതിയുടെ പ്രധാന ഭാഗം. മനോരമ ജങ്ഷൻ - ജി.സി.ഡി.എ ജങ്ഷൻ -കടവന്ത്ര ജങ്ഷൻ- എളംകുളം ജങ്ഷൻ വഴി വൈറ്റില ജങ്ഷനിലെത്തുന്ന 3.2 കിലോമീറ്റർ ദൂരത്തിലാണ് നവീകരണം നടക്കുക. ഇതിന് മുന്നോടിയായുള്ള സർവേ പൂർത്തിയാക്കി. നിർമാണ പ്രവർത്തനങ്ങളുടെ ഡിസൈനുകളും മറ്റ് രൂപരേഖകളും തയാറായിക്കഴിഞ്ഞു. 29.21 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നോൺ മോട്ടോറൈസ്ഡ് ഗതാഗത ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. നടപ്പാതകളിൽ ആളുകൾക്ക് ഇരിക്കാനും സമയം ചെലവഴിക്കാനും കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.