ഇടപ്പള്ളി തോട് ശുചീകരണം ആരംഭിച്ചു
text_fieldsകൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഇടപ്പള്ളി തോടിന്റെ ശുചീകരണ പ്രവൃത്തി ആരംഭിച്ചു. കൊച്ചി കോര്പറേഷന് അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. മന്ത്രി പി. രാജീവും മേയര്‍ എം. അനില്‍കുമാറും സ്ഥലം സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഓപ്പറേഷന് വാഹിനി പദ്ധതിയുടെ ഭാഗമായി 20 ലക്ഷത്തിന്റെ പദ്ധതിയും ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ടെന്‍ഡര്‍ നടപടികളില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു പുറമേ ആറു ലക്ഷം രൂപയുടെ പദ്ധതി ഇറിഗേഷന്‍ വകുപ്പും നടപ്പാക്കുന്നു. ആകെ ഒരു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. നാലു ദിവസത്തിനകം തോടിന്റെ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കാനാകുമെന്നാണ് പ്രതീക്ഷ.
കടമ്പ്രയാര്‍ മുതല്‍ മുട്ടാര്‍ പുഴ വരെ 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇടപ്പള്ളി തോട്. കൊച്ചി കോര്പ്പറേഷന്, തൃക്കാക്കര, കളമശ്ശേരി നഗരസഭകള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് തോട് കടന്നുപോകുന്നത്. അടുത്ത വര്‍ഷം മുതല്‍ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഏകോപിത സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. തങ്ങളുടെ പരിധിയിലുള്ള തോടിന്റെ ഭാഗത്ത് അതത് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പാക്കും. ഇറിഗേഷന്‍ വകുപ്പ് ഇതിനു മേല്‍നോട്ടം വഹിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓപ്പറേഷന് വാഹിനി സഹായകമായിരുന്നു. ഈ വര്‍ഷം പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാന്‍ കഴിഞ്ഞില്ല. നിലവിലെ സാഹചര്യം പരിഗണിച്ചാണ് പദ്ധതി തുടരാന്‍ അനുമതി ലഭിച്ചത്. കിഫ്ബി വഴി നടപ്പാക്കുന്ന കനാല്‍ പുനരുദ്ധാരണ പദ്ധതിക്കായി കെ.എം.ആര്.എല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റ് കനാലിനാണ് ആദ്യ പരിഗണന നല്‍കിയിട്ടുള്ളത്. ഇതിനു ശേഷം ഇടപ്പള്ളി തോടിന്റെ പദ്ധതി നടപ്പാക്കും. ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വാഹിനി പദ്ധതിയുടെ ഭാഗമായി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇടപ്പള്ളി തോട്ടിലെ പായലും ചെളിയും നീക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.
ഇടപ്പള്ളി തോടിനെ ചമ്പക്കര കനാലുമായി ബന്ധിപ്പിക്കുന്ന സൗത്ത് എന്‍ഡിലെ മൗത്ത് ഭാഗത്തെ ശുചീകരണമാണ് ആരംഭിച്ചത്. മുട്ടാര്‍ പുഴയില്‍ നിന്നാരംഭിക്കുന്ന ഇടപ്പള്ളി തോടിന്റെ പൈപ്പ് ലൈന്‍ പാലം വരെയുള്ള ഭാഗത്തെ ശുചീകരണം കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. പൈപ്പ് ലൈന്‍ മുതല്‍ പാലച്ചുവട് വരെയുള്ള സ്ട്രെച്ചിലെ 6.7 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച തുടങ്ങും. ജലസ്രോതസ്സുകളിലെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള വാഹിനി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 59 പദ്ധതികളാണ് നടപ്പാക്കുന്നത്. 4.97 കോടി രൂപയാണ് ഇതിനായി ആകെ വകയിരുത്തിയിരിക്കുന്നത്. 15 ദിവസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.