ജീവിക്കാനാണീ സമരം...ദുരിതത്തിന് അറുതിതേടി ഒരു ജനതയുടെ പോരാട്ടം
text_fieldsകൊച്ചി: ദുരിതത്തിലും കണ്ണുതുറക്കാത്ത അധികൃതരെത്തേടി താന്തോണിത്തുരുത്തുകാർ വീണ്ടും ജിഡ ഓഫിസിലെത്തി. മെട്രോ നഗരത്തിൽനിന്ന് വിളിപ്പാടകലെ കൊച്ചിക്കായൽ തീരത്ത് താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് ദുരിതജീവിതത്തിന് അറുതിതേടി വീണ്ടും ജിഡ ഓഫിസിലെത്തിയത്.
പതിറ്റാണ്ടുകളായി വേലിയേറ്റ ദുരിതത്തിന് ഇരകളാണിവർ. പരാതികളും പരിവേദനങ്ങളുമായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഒടുവിൽ 2012ൽ തുരുത്തിന് ചുറ്റും സുരക്ഷ ബണ്ട് നിർമിക്കാൻ സർക്കാർ ആറുകോടി രൂപ അനുവദിച്ചു. എന്നാൽ, വ്യാഴവട്ടക്കാലം പിന്നിടുമ്പോഴും നിർമാണം മാത്രം തുടങ്ങിയില്ല. ജിഡയും വിവിധ വകുപ്പുകളും മെല്ലെപ്പോക്ക് തുടർന്നതോടെ ഈ ഫണ്ടും നിർമാണപ്രവൃത്തികളും പ്രഖ്യാപനത്തിൽ ഒതുങ്ങി.
നവംബർ 19ന് പുലർച്ച വെള്ളം വീടുകളിൽ ഇരച്ചെത്തിയതോടെ ഇവർ ജിഡ ഓഫിസിൽ കുടിയേറി പ്രതിഷേധമാരംഭിച്ചിരുന്നു. കലക്ടറും എം.എൽ.എയുമെല്ലാം സ്ഥലത്തെത്തി. 30നകം സുരക്ഷ ബണ്ടിന്റെ പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയാണ് 20ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. തുടർന്ന് കലക്ടറുടെ ക്യാമ്പ് ഓഫിസിൽ തീരദേശ പരിപാലന അധികൃതരെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലും തീരുമാനം ആവർത്തിച്ചു. എന്നാൽ, അധികൃതർ ഉറപ്പ് നൽകിയ ദിവസം പിന്നിട്ട് വീണ്ടും 10 ദിനംകൂടി കഴിഞ്ഞിട്ടും നടപടികളുണ്ടായില്ല. ഇതിനിടെ ചൊവ്വാഴ്ച രാത്രി വീണ്ടും വീടുകളിൽ വെള്ളം ഇരച്ചെത്തി. ഇതോടെ പുലർച്ച മുതൽ ഇവർ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു.
തീരദേശ പരിപാലന അധികൃതരുടെ എതിർപ്പാണ് കലക്ടറുടെ വാഗ്ദാനം നടപ്പാകാതിരിക്കാൻ കാരണമെന്നാണ് വിവരം. തുരുത്തിന് ചുറ്റും അഞ്ച് മീ. വീതിയിൽ റോഡോട് കൂടിയ സുരക്ഷ ബണ്ട് നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ചുവപ്പുനാടയിൽ കിടക്കുന്നത്. നേരത്തേ അനുവദിച്ച ആറുകോടികൊണ്ട് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 600 മീ. നിർമാണ പ്രവൃത്തികൾ മാത്രമേ പൂർത്തിയാകൂ. തുരുത്തിന് പൂർണമായും വേലിയേറ്റത്തിൽനിന്ന് സുരക്ഷയൊരുക്കണമെങ്കിൽ മറ്റൊരു ഒമ്പതുകോടി കൂടി വേണ്ടിവരുമെന്നാണ് കണക്ക്. പ്രശ്നപരിഹാരമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് താന്തോണിത്തുരുത്തുകാർ ജിഡ ഓഫിസിൽ സമരം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.