കൊച്ചി കാൻസർ സെൻറർ ഡയറക്ടർ നിയമനം: സെർച്ച് കമ്മിറ്റിക്കും കണ്ടെത്താനായില്ല, നിയമനത്തിന് വിദഗ്ധ സമിതി
text_fieldsകൊച്ചി: എറണാകുളം ജില്ലയിലെയും സമീപജില്ലകളിലെയും ആയിരക്കണക്കിന് അർബുദ രോഗികൾക്ക് വലിയ ആശ്വാസമായ കൊച്ചിൻ കാൻസർ റിസർച് സെൻറർ(സി.സി.ആർ.സി) രണ്ടു വർഷത്തിലേറെയായി പ്രവർത്തിക്കുന്നത് സ്ഥിരം ഡയറക്ടറില്ലാതെ. നിയമനത്തിനായി നേരത്തേ സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് അഭിമുഖമുൾെപ്പടെ നടപടിക്രമങ്ങൾ നടത്തിയെങ്കിലും അനുയോജ്യനായ ആളെ കണ്ടെത്താനാവാത്ത പശ്ചാത്തലത്തിൽ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട നടപടികൾക്കായി സർക്കാർ വിദഗ്ധ സമിതി രൂപവത്കരിച്ചു. കഴിഞ്ഞ ദിവസമാണ് ദേശീയതലത്തിലെ ഒരു കാൻസർ സെൻറർ ഡയറക്ടറും സംസ്ഥാനത്തെ മൂന്ന് സെൻററുകളിലെ ഡയറക്ടർമാരും അംഗങ്ങളായ എക്സ്പർട്ട് കമ്മിറ്റി രൂപവത്കരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സി.സി.ആർ.സി ഡയറക്ടർ നിയമനത്തിനാവശ്യമായ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിശോധിക്കുകയും നിർദേശിക്കുകയും ചെയ്യുകയാണ് വിദഗ്ധ സമിതിയുടെ ചുമതല.
സംസ്ഥാന മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെൻറർ ഡയറക്ടർ, തിരുവനന്തപുരം ആർ.സി.സി. ഡയറക്ടർ, തലശ്ശേരിയിലെ മലബാർ കാൻസർ സെൻറർ(എം.സി.സി.) ഡയറക്ടർ എന്നിവരാണ് വിദഗ്ധസമിതി അംഗങ്ങൾ. സെർച്ച് കമ്മിറ്റിയുടെ കൺവീനറായിരുന്ന എം.സി.സി. ഡയറക്ടറാണ് പുതിയ സമിതിയുടെയും കൺവീനർ. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.
സി.ആർ.സി.സി ഡയറക്ടറായിരുന്ന ഡോ.മോനി കുര്യാക്കോസ് പിരിഞ്ഞു പോയിട്ട് രണ്ടു വർഷത്തിലേറെയായി. തുടർന്ന് സ്ഥിരം ഡയറക്ടർ നിയമനം നടത്തിയിട്ടില്ല, നേരത്തേ ആർ.സി.സിയിൽനിന്ന് ഡെപ്യൂട്ടേഷനിൽ സൂപ്രണ്ടായി ചുമതലയേറ്റ ഡോ.പി.ജി. ബാലഗോപാലാണ് നിലവിലെ ആക്ടിങ് ഡയറക്ടർ.
നിയമനത്തിന്റെ ഭാഗമായി സെർച്ച് കമ്മിറ്റി രൂപവത്കരിക്കുകയും പിന്നീട് ഇതേ കമ്മിറ്റി വിപുലീകരിച്ച വിജ്ഞാപനം പുറപ്പെടുവിക്കുകയും കഴിഞ്ഞ ഡിസംബറിൽ ഇൻറർവ്യൂ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് യോഗ്യരായ ആരെയും കണ്ടെത്താനായില്ലെന്നാണ് സെർച്ച് കമ്മിറ്റി വ്യക്തമാക്കിയത്. തുടർന്ന് കൺവീനറായ മലബാർ കാൻസർ സെൻറർ ഡയറക്ടർക്ക് നിയമനം സംബന്ധിച്ച വിപുലമായ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ നിർദേശം നൽകി. കൺവീനർ സർക്കാറിന് സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ നിയമനത്തിനുള്ള യോഗ്യതയും പ്രവൃത്തിപരിചയവും തീരുമാനിക്കാനായി പുതിയ കമ്മിറ്റി രൂപവത്കരിക്കുന്നത്.
കാൻസർ സെൻററിനായി കളമശ്ശേരി മെഡിക്കൽ കോളജിനു സമീപം പുതിയ അത്യാധുനിക കെട്ടിടത്തിന്റെ നിർമാണം മാസങ്ങൾക്കുള്ളിൽ പൂർത്തിയാവുമെങ്കിലും ഡയറക്ടറില്ലാത്തത് വലിയ പ്രതിസന്ധിയാണ്. പുതിയ കെട്ടിടമാവുന്നതോടെ പുതിയ ജീവനക്കാരുടെ നിയമനം, പുതിയ ഉപകരണങ്ങളും മറ്റും സ്ഥാപിക്കൽ എന്നിവയുടെ ഏകോപനത്തിന് ഡയറക്ടർ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.