കൊച്ചിൻ കാർണിവൽ ആഘോഷം ഞായറാഴ്ച തുടങ്ങും
text_fieldsഫോർട്ട്കൊച്ചി: തീരദേശ കൊച്ചിയുടെ പുതുവത്സരാഘോഷമായ കൊച്ചിൻ കാർണിവൽ ഞായറാഴ്ച ആരംഭിക്കും. ജനുവരി ഒന്നിന് റാലിയോടെ സമാപിക്കും. കഴിഞ്ഞ വർഷത്തെ ജനതിരക്കും തുടർന്നുള്ള അനിയന്ത്രിത സംഭവങ്ങളും കണക്കിലെടുത്ത് 31നുള്ള ആഘോഷങ്ങൾ പുതുവത്സര ദിനത്തിൽ പുലർച്ച നാല് വരെ നീട്ടാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞവർഷം 31ന് രാത്രി ഒരു റോ-റോ മാത്രം സർവിസ് നടത്തിയതും ചുങ്കം പാലം നവീകരണത്തിനായി പൊളിച്ചതും റോഡുകൾ മുഴുക്കെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നതും വലിയ തിരക്കിന് ഇടയാക്കിയിരുന്നു.
പപ്പാഞ്ഞിയെ കത്തിച്ച് കഴിഞ്ഞ ഉടൻ തന്നെ സന്ദർശകരെ മൈതാനത്ത് നിന്നും പൊലീസ് നീക്കിയതും തിരക്ക് വർധിപ്പിച്ചു. അതിനാലാണ് ഇത്തവണ പുലർച്ച നാല് വരെയാക്കി ആഘോഷം മാറ്റുന്നത്.
ചുങ്കം പാലത്തിന്റെ പണി പൂർത്തിയായതും ആശ്വാസമാണ്. പപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിന്റെ നാലു വശവുമുള്ള ചുറ്റുവേലിക്കുള്ളിൽ സന്ദർശകർ കുടുങ്ങി പോയത് കഴിഞ്ഞ വർഷത്തെ തിരക്കിന് കാരണമായിരുന്നുവെങ്കിലും ഇത് പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
അതേസമയം റോ-റോ വെസലുകൾ രണ്ടും സർവിസ് നടത്താൻ ധാരണയായിട്ടുണ്ട്. ഫോർട്ട്കൊച്ചി സബ് കലക്ടർ ചെയർമാനായിട്ടുള്ള ജനകീയ സമിതിയാണ് കൊച്ചിൻ കാർണിവൽ നടത്തിപ്പ്. എങ്കിലും പ്രാദേശിക ക്ലബ്ബുകളാണ് വിവിധ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നത്. വിദേശികൾക്കൊപ്പം ആഭ്യന്തര ടൂറിസത്തിനും ഏറെ കുതിപ്പേകുന്ന ആഘോഷമാണെങ്കിലും സംസ്ഥാന ടുറിസം വകുപ്പ് ഇന്നും മുഖംതിരിഞ്ഞുനിൽക്കുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ഡിസംമ്പർ 31ന് അഞ്ച് ലക്ഷം പേർ കാർണിവൽ ആഘോഷത്തിനായി എത്തിയെന്ന് പറയുമ്പോഴാണ് ടൂറിസം വകുപ്പിന്റെ മെല്ലെ പോക്ക് നയം വിമർശനത്തിന് ഇടയാക്കുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് ഫോർട്ട്കൊച്ചിയിലെ യുദ്ധസ്മാകത്തിൽ നടക്കുന്ന ഐക്യദാർഢ്യ ചടങ്ങോടെയാണ് കാർണിവൽ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.