ബിസിനസ് ജെറ്റ് ടെർമിനൽ, വി.ഐ.പി സേഫ് ഹൗസ്, ബജറ്റ് ഹോട്ടൽ...; സിയാൽ ടെർമിനൽ-2 നവീകരിക്കുന്നു
text_fieldsനെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ രണ്ടാം ടെർമിനൽ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറായി. ബിസിനസ് ജറ്റ് ടെർമിനൽ, വി.വി.ഐ.പി. സുരക്ഷിത മേഖല, കുറഞ്ഞ ചെലവിൽ ലഘുനേര താമസത്തിനായി ബജറ്റ് ഹോട്ടൽ എന്നിവ ടെർമിനൽ-2-ൽ ഒരുക്കാനാണ് പദ്ധതി.
2019-ൽ ആഭ്യന്തര വിമാനസർവീസ് ഓപറേഷൻ, പുനരുദ്ധരിച്ച ഒന്നാം ടെർമിനലിലേക്ക് മാറ്റിയിരുന്നു. ഇതോടെ രണ്ടാം ടെർമിനലിന്‍റെ പ്രവർത്തനം അവസാനിപ്പിച്ചു. വ്യോമയാന ഇതര വരുമാന മാർഗങ്ങൾ വർധിപ്പിക്കാനുള്ള സിയാലിന്‍റെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെർമിനലിന്‍റെ നവീകരണം തുടങ്ങുന്നത്.
ഈ പദ്ധതിക്ക് ഡയറക്ടർ ബോർഡിന്‍റെ അംഗീകാരം ലഭിച്ചതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു. 'പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഭാവിയിൽ ബിസിനസ് ജെറ്റുകൾ ധാരാളമായി കൊച്ചി വിമാനത്താവളത്തിലെത്തും. അവക്കായി മാത്രം ഒരു ടെർമിനൽ പ്രത്യേകമായി നിർമ്മിക്കും' നിലവിൽ രാജ്യാന്തര സർവീസ് ഓപ്പറേഷൻ നടത്തുന്ന മൂന്നാം ടെർമിനലിന് 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. ആഭ്യന്തര ടെർമിനലായ ടി-1 ന് ആറുലക്ഷം ചതുരശ്രയടിയും. നേരത്തെ ആഭ്യന്തര ഓപ്പറേഷൻ നടത്തിയിരുന്ന രണ്ടാം ടെർമിനലിന് ഒരുലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. ഇതാണ് ഇപ്പോൾ നവീകരിക്കുന്നത്.
ഇത് മൂന്ന് ബ്ലോക്കായി തിരിക്കും. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കിൽ ബിസിനസ് ജെറ്റ് ടെർമിനൽ നിർമിക്കും. മൂന്ന് എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, കസ്‌റ്റംസ്, ഇമിഗ്രേഷൻ സംവിധാനങ്ങൾ ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്‍റ് ഉൾപ്പെടെയുള്ള വി.വി.ഐ.പിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാൻ ഇതിലൂടെ കഴിയും.
ശേഷിക്കുന്ന 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാവും ഇവിടെ പണികഴിപ്പിക്കുക. വാടക പ്രതിദിന നിരക്കിൽ ഈടാക്കുന്നതിന് പകരം, മണിക്കൂർ നിരക്കിൽ ഈടാക്കുന്നതോടെ ലഘുസന്ദർശനത്തിനെത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിൽ തന്നെ താമസിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും.
ഒന്ന്, രണ്ട് ബ്ലോക്കുകൾ ഒരുവർഷത്തിനകം പൂർത്തിയാക്കാനാണ് സിയാൽ പദ്ധതിയിടുന്നത്. നിലവിൽ മൊത്തവരുമാനത്തിന്‍റെ 40 ശതമാനമാണ് വാടകയുൾപ്പെടെയുള്ള വ്യോമേതര സ്രോതസുകളിൽ നിന്ന് ലഭിക്കുന്നത്. അത് 60 ശതമാനമാക്കുകയാണ് ലക്ഷ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.