കോക്കേഴ്സ് തിയറ്ററിന് ഇനി മോചനമുണ്ടാവുമോ?
text_fieldsഫോർട്ട്കൊച്ചി: 2017ൽ പൂട്ടിയ കോക്കേഴ്സ് സിനിമ ശാല അധികൃതരുടെ അവഗണന മൂലം നശിക്കുന്നു. സംസ്ഥാനത്തെ ആദ്യ 70 എം.എം തിയറ്ററായ പഴയ സൈന കാടുപിടിച്ചു നശിക്കുന്നത്. ബി.ഒ.ടി സംവിധാനത്തിൽ തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ തിയറ്റർ എന്ന ചരിത്രവും കോക്കേഴ്സിനുണ്ട്. 2017 ഏപ്രിൽ 28 ന് പൂട്ടിയ തിയറ്റർ സമുച്ചയ നവീകരണം 2021ൽ വരെ നഗരസഭയുടെ ബജറ്റുകളിൽ ഇടം പിടിച്ചിരുന്നെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങി.
കൊച്ചിയിലെ സിനിമ പ്രേമികൾക്ക് ചെറിയ ചെലവിൽ മികവാർന്ന സംവിധാനത്തോടെ സിനിമ കാണാൻ കഴിഞ്ഞിരുന്ന സിനിമാശാലയും ഇല്ലാതായത്. 1958ൽ പഴയ ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി കൗൺസിലറും വ്യവസായിയും സിനിമ നിർമാതാവുമായ ടി.കെ.പരീക്കുട്ടിക്ക് 30 വർഷത്തെ കാലാവധിയിലാണ് അമരാവതിയിലെ നഗരസഭ വക 58 സെന്റ് സ്ഥലം ലീസിന് നൽകിയത്.
ഇവിടെയാണ് സൈനയെന്ന ആദ്യ 70 എം.എം തിയറ്റർ നിർമിച്ചത്. പരീക്കുട്ടിയുടെ മരണശേഷം തിയേറ്റർ സിയാദ് കോക്കർ ഏറ്റെടുത്ത് കോക്കേഴ്സ് എന്ന് പുനർനാമകരണം ചെയ്തു. ലീസ് കാലാവധി കഴിഞ്ഞെങ്കിലും സ്ഥലം കൊച്ചി നഗരസഭക്ക് തിരിച്ചുനൽകാത്തതിനെ തുടർന്ന് 64 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി വിധിയുണ്ടായിരുന്നു. നഗരസഭ വേണ്ടത്ര ഗൗരവത്തിലെടുക്കാഞ്ഞതിനാലാണ് കേസ് പരാജയപ്പെട്ടതെന്ന ആരോപണവുമുയർന്നിരുന്നു. കോറോണക്ക് ശേഷം മാലിന്യശേഖരണ കേന്ദ്രമായി മാറ്റിയ തിയറ്റർ ഇപ്പോൾ കാടുകയറി സാമൂഹിക വിരുദ്ധ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. കൊച്ചിയുടെ സാംസ്കാരിക കേന്ദ്രമാക്കി തിയറ്റർ മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.