ഗുണ്ടാകേന്ദ്രമായി നഗരത്തിലെ കോളനി; ഭീതിയോടെ നിവാസികൾ
text_fieldsകൊച്ചി: നഗരത്തിലെ കോളനികളിലൊന്നിൽ ലഹരി മാഫിയയുടെ അക്രമവും ഗുണ്ടാവിളയാട്ടവും പതിവാകുന്നു. പൊലീസിലും മറ്റും പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കോളനി നിവാസികൾ ആരോപിച്ചു. മയക്കുമരുന്ന് വിൽപനയും ഗുണ്ടകളുടെ പിടിച്ചുപറിയും വർധിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കുന്നില്ല. കടവന്ത്ര പൊലീസിെൻറ മൂക്കിൻ തുമ്പത്തുള്ള കോളനിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാവുന്നത്. ഇതു സംബന്ധിച്ച് കടവന്ത്ര പൊലീസിലും കൊച്ചി സിറ്റി പൊലീസിെൻറ ലഹരി കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള യോദ്ധാവ് ആപ്പിലും പലതവണ പരാതി നൽകിയിട്ടും ലഹരി വിപണനവും ഗുണ്ടാ ആക്രമണവും തടയാനും അധികൃതർ തയാറായില്ല.
കാപ്പ ചുമത്തി 'നാടു കടത്തിയ' വ്യക്തി പോലും കോളനിയിൽ സ്വൈര വിഹാരം നടത്തുന്നുണ്ടെന്നാണ് പ്രദേശത്തെ പൊതു പ്രവർത്തകരുടെ ആക്ഷേപം. ദിവസങ്ങൾക്കു മുമ്പ് അക്രമികൾ രാത്രി കോളനിയിലൂടെ നടന്നുപോകുകയായിരുന്നയാളുടെ കൈയ്യിൽ നിന്ന് പഴ്സ് തട്ടിപ്പറിച്ചിരുന്നു. ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല.
കോളനിയിൽ തന്നെയുള്ള ചിലരാണ് മയക്കുമരുന്നിെൻറയും മറ്റും പിന്നിലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവരുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെ പേടിച്ച് ആരും പരസ്യമായി രംഗത്തു വരാത്തതാണ് ഇവരുടെ ധൈര്യം. ഉപയോഗിച്ച് ഉപേക്ഷിച്ച മയക്കുമരുന്ന് സിറിഞ്ചുകൾ പ്രദേശത്ത് ധാരാളമായി കാണാം. സാമൂഹ്യ വിരുദ്ധരിൽ പലരും മാസ്ക് പോലും വെക്കാതെയാണ് പൊതുവിടങ്ങളിൽ കറങ്ങിനടക്കുന്നത്. പൊലീസ് വണ്ടിയോ മറ്റോ കണ്ടാൽ ഓടിയൊളിക്കും. ലഹരി ഉപയോഗിച്ച ശേഷം പരസ്പരം അടികൂടുന്നതും പതിവാണ്. പൊലീസ് ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.