അനസ്തേഷ്യ ഡോക്ടർക്കെതിരെ പരാതി; ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ വനിത കൂട്ടായ്മ തടഞ്ഞു
text_fieldsഫോർട്ട്കൊച്ചി: താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടർക്കെതിരെ ചികിത്സ തേടിയെത്തുന്നവരുടെ പരാതി. ആഴ്ചയിൽ രണ്ടുദിവസം മാത്രം ആശുപത്രിയിലെത്തുന്ന ഡോക്ടർ പ്രസവനാളിന് തൊട്ടുമുമ്പായി ഗർഭിണികളെ മറ്റ് ആശുപത്രികളിലേക്ക് മടക്കുന്നതായാണ് പരാതി.
സംഭവത്തിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ വനിതകൾ ഉപരോധിച്ചു. ആശുപത്രിയിൽ വർഷങ്ങൾക്കുശേഷം പ്രസവ ശുശ്രൂഷ വിഭാഗം പ്രവർത്തനം ആരംഭിച്ചെങ്കിലും ഗർഭിണികൾക്ക് ദുരിതമെന്നാണ് പരാതി. ആശുപത്രിയിൽ പ്രസവ ശുശ്രൂഷ ആരംഭിച്ചതോടെ മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഗൈനക്കോളജി ഡോക്ടറെ ഫോർട്ട്കൊച്ചിയിലേക്ക് കൊണ്ടുവന്നു. ഇതോടെ നിരവധിപേർ ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയെ ആശ്രയിക്കാൻ തുടങ്ങി.
മട്ടാഞ്ചേരിയിൽ ചികിത്സക്കെത്തിയിരുന്നവരും ഫോർട്ട്കൊച്ചിയിലേക്ക് എത്താൻ തുടങ്ങി. പ്രസവ ശസ്ത്രക്രിയക്ക് അനസ്തേഷ്യ ഡോക്ടർ വേണമെന്നിരിക്കെ ഈ ഡോക്ടറെ കാണുമ്പോഴാണ് കാര്യമായ കാരണങ്ങൾ ഒന്നുമില്ലാതെ മടക്കുന്നുവെന്ന പരാതി. ഇവിടെ സ്ഥിരമായി ഒരു അനസ്തേഷ്യ ഡോക്ടർ ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാധാരണക്കാരാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. എന്നാൽ, ചികിത്സ മനഃപൂർവം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ആശുപത്രിയിൽ പ്രസവ ശുശ്രൂഷ വിഭാഗം പ്രവർത്തനമാരംഭിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ഇത് നാട്ടുകാർ കണ്ടത്. മട്ടാഞ്ചേരിയിൽനിന്ന് ഡോക്ടർകൂടി എത്തിയതോടെ നാട്ടുകാർ ഏറെ സന്തോഷിച്ചു. എന്നാൽ, ഉള്ള ചികിത്സകൂടി ഇല്ലാതായ സാഹചര്യമാണ് അനസ്തേഷ്യ ഡോക്ടറുടെ നടപടിമൂലം സംജാതമായതെന്നാണ് ഗർഭിണികളുടെ പരാതി. അടിയന്തരമായി ആശുപത്രിയിൽ സ്ഥിരമായി അനസ്തേഷ്യ ഡോക്ടറെ നിയമിക്കണമെന്നും ചികിത്സ നിഷേധത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സജി കബീർ, ഗോപിക, ജ്യോത്സന, സജ്ന, സുഹ്റ, വിൻസി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ആരോഗ്യമന്ത്രിക്ക് പരാതിയും വനിതാ കൂട്ടായ്മ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.