യുവാവിനെ മർദിച്ചെന്ന പരാതി; നോർത്ത് പൊലീസിനെതിരെ അന്വേഷണ റിപ്പോർട്ട്
text_fieldsകൊച്ചി: എറണാകുളം നോർത്ത് പൊലീസ് അകാരണമായി മർദിച്ചെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉദ്യോഗസ്ഥർക്കെതിരെയെന്ന് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ അടക്കം ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. യുവാവിന് മർദനമേറ്റെന്ന് സ്ഥിരീകരിക്കുന്നതാണ് ഡോക്ടറുടെ സർട്ടിഫിക്കറ്റിലുമുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ അസി. കമീഷണറാണ് അന്വേഷണം നടത്തി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയത്.
രണ്ടാഴ്ച മുമ്പാണ് എറണാകുളം നോർത്ത് പാലത്തിന് സമീപം വെച്ച് കാക്കനാട് സ്വദേശി റിനീഷിന് പൊലീസിന്റെ മർദനമേറ്റത്. മാൻപവർ സപ്ലൈ നടത്തുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റിനീഷ് ജോലിക്കിടെ നോർത്ത് പാലത്തിന് കീഴിൽ ഇരുന്നപ്പോൾ പൊലീസ് ലാത്തി ഉപയോഗിച്ച് മർദിച്ചെന്നായിരുന്നു പരാതി.
നാരങ്ങവെള്ളം കുടിക്കാനാണ് താൻ അവിടെ ഇരുന്നതെന്ന് റിനീഷ് പറഞ്ഞിരുന്നു. വെള്ളം കുടിക്കുന്നതിനിടെ മഫ്തിയിലെത്തിയ പൊലീസുദ്യോഗസ്ഥൻ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. മറുപടി പറഞ്ഞപ്പോൾ ഫോൺ ആവശ്യപ്പെട്ടെങ്കിലും നൽകാൻ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ യൂനിഫോമിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ലാത്തികൊണ്ട് കാലിനടിച്ചു. പിന്നീട് പലതവണ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നാണ് റിനീഷിന്റെ ആരോപണം.
തുടർന്ന് സഹപ്രവർത്തകനായ ഭീം സിങ്ങിനൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൊബൈൽ ഫോൺ പരിശോധിച്ചെങ്കിലും സംശയാസ്പദമായ നിലയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. ഇവിടെവെച്ച് തലകറങ്ങി വീണ റിനീഷിനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
പിന്നീട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിട്ടയച്ചെങ്കിലും വേദന അനുഭവപ്പെട്ടതോടെ തൃക്കാക്കര നഗരസഭ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.
അതേസമയം, റിനീഷിനെ മർദിച്ചിട്ടില്ലെന്നും നോർത്ത് പാലത്തിന് സമീപം ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിലാണ് റിനീഷിനെ ചോദ്യം ചെയ്തതെന്നുമായിരുന്നു പൊലീസിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.