ജനപ്രതിനിധികളെ മണൽ മാഫിയ ഭീഷണിപ്പെടുത്തിയതായി പരാതി
text_fieldsകുന്നുകര: പഞ്ചായത്ത് പ്രസിഡന്റായ വനിതയെയും വൈസ് പ്രസിഡന്റിനെയും മണൽ മാഫിയ സംഘാംഗം ഫോണിൽ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കുന്നുകര, കരുമാല്ലൂർ മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിനെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയ സംഭവം അറിയാൻ വിളിച്ചതോടെ മണൽവാരലുമായി ബന്ധപ്പെട്ടാൽ മുട്ടുകാൽ രണ്ടും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പ്രളയശേഷം 2020 ആഗസ്റ്റ് മുതൽ മേജർ ഇറിഗേഷൻ വകുപ്പ് ടെൻഡർ നൽകിയ ഏജൻസി പെരിയാറിൽ അടിഞ്ഞുകൂടിയ എക്കലും മണലും നീക്കംചെയ്യുന്ന പ്രവൃത്തി നടത്തിവരുകയായിരുന്നു. അതിന്റെ മറവിൽ അനധികൃത മണലൂറ്റ് അരങ്ങേറുന്നുണ്ടെന്ന് പരാതിയുയർന്നിരുന്നു.
പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് കോടതി ഇടപെട്ട് പ്രവൃത്തി നിർത്തിവെപ്പിച്ചു. അതിനിടെ കഴിഞ്ഞയാഴ്ച പുറപ്പിള്ളിക്കാവ് ബണ്ടിനടുത്തെ ഡ്രഡ്ജറിന് സമീപം പൊലീസ് അന്വേഷണത്തിനെത്തിയതാണ് ജനപ്രതിനിധികളെ ഭീഷണിപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് സൂചന.
കുന്നുകര, കരുമാലൂർ പഞ്ചായത്തുകളുടെ അനുമതി ഇല്ലാതെയാണ് വ്യാപകമായി മണൽ കടത്ത് നടക്കുന്നതെന്നും ജനപ്രതിനിധികൾ ആരോപിച്ചു. മുൻകാലങ്ങളിലെപ്പോലെ മണൽ വാരൽ അനുമതി പഞ്ചായത്തുകൾക്ക് നൽകണമെന്നും അത് പഞ്ചായത്തിന് സ്ഥിരം വരുമാനവും നാട്ടുകാർക്ക് തൊഴിലവസരങ്ങളുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, സ്ഥിരംസമിതി അധ്യക്ഷരായ ഷിബി പുതുശ്ശേരി, സിജി വർഗീസ്, കവിത കരുമാല്ലൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീന ബാബു, മണ്ഡലം പ്രസിഡന്റ് സി.യു. ജബ്ബാർ, കരുമാലൂർ മണ്ഡലം പ്രസിഡന്റ് എം.എം. അലി.
പഞ്ചായത്തംഗങ്ങളായ മിനി പോളി, ഷെഫീഖ്, ജിജി സൈമൺ, കെ.എ. ജോസഫ്, ടി.എ. മുജീബ്, ഇ.എം. അബ്ദുൽ സലാം, സൂസൻ വർഗീസ്, കെ.എം. ലൈജു, ജി.വി. പോൾസൺ, നദീറ ബീരാൻ എന്നിവർ സംസാരിച്ചു. എന്തൊക്കെ ഭീഷണി ഉയർത്തിയാലും പെരിയാറിലെ മണൽക്കൊള്ള അനുവദിക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.