കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രി നിർദേശിച്ച കരാറുകാരന് അതേ പ്രവൃത്തി നൽകിയതായി പരാതി
text_fieldsഫോർട്ട്കൊച്ചി: കാന നിർമാണത്തിലെ വീഴ്ചയെത്തുടർന്ന് കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രി നിർദേശിച്ച കരാറുകരന് വീണ്ടും അതേ പ്രവൃത്തി ചെയ്യാൻ അനുമതി നൽകിയതായി പരാതി. ഫോർട്ട്കൊച്ചി വെളി മാന്ത്ര റോഡിൽ ഓടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ സിമൻറും മെറ്റലുമിട്ട് ഫ്ലോറിങ് നടത്തിയ സംഭവം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടിരുന്നു. അസി. എൻജിനീയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യുകയും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകുകയുംചെയ്തു.
ഗുരുതര ക്രമക്കേട് നിർമാണത്തിൽ നടന്നിട്ടും അതേ കരാറുകാരനുതന്നെ വീണ്ടും നിർമാണച്ചുമതല നൽകുകയും ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി തുടരുകയും ചെയ്യുന്നതിൽ പൊതുമരാമത്ത് ജീവനക്കാർക്കിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം ചാർത്തി കരാറുകാരനെ രക്ഷപ്പെടാൻ സാഹചര്യമൊരുക്കാൻ ഉന്നതങ്ങളിൽ സമ്മർദമുണ്ടെന്നാണ് പറയപ്പെടുന്നത്.
എന്നാൽ, റോഡ് ഇടിയുന്ന സാഹചര്യമുണ്ടെന്നും അതുവഴി അപകടത്തിന് കാരണമായേക്കാവുന്ന അവസ്ഥയിൽ കാനയുടെ വശങ്ങളുടെ പ്രവൃത്തി മാത്രമാണ് നിലവിലെ കരാറുകാരനെ ഏൽപിച്ചതെന്നുമാണ് അധികൃതരുടെ വാദം.സമീപത്തെ വീടുകളിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.