ജൈവ ഇന്ധനങ്ങളുടെ ഭാവിയിൽ ആശങ്ക; ബി.പി.സി.എൽ സ്വകാര്യവത്കരണത്തിന് തിരിച്ചടി
text_fieldsകൊച്ചി: ജൈവ ഇന്ധനങ്ങളുടെ ഭാവി സംബന്ധിച്ച ആശങ്കയിൽ തട്ടിയുലഞ്ഞ് ബി.പി.സി.എൽ സ്വകാര്യവത്കരണ നീക്കം. ജൈവ ഇന്ധന വിപണിയുടെ ഗതിചലനങ്ങളും കമ്പനി സ്വന്തമാക്കാൻ വേണ്ടിവരുന്ന വൻ തുകയും പുതിയ നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നു. സ്വകാര്യവത്കരണത്തിന് എതിരായി കമ്പനിയുടെ കൊച്ചി റിഫൈനറി ഉൾപ്പെടെയുള്ളവയിലെ തൊഴിലാളികൾ മാസങ്ങളായി പ്രക്ഷോഭ രംഗത്താണ്.
രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിന് കൊച്ചി, മുംബൈ, ബിന, നുമാലിഗാർഹ് എന്നിവിടങ്ങളിലായി നാല് റിഫൈനറികളുണ്ട്. 38.3 ദശലക്ഷം അസംസ്കൃത എണ്ണ സംസ്കരിക്കാൻ ശേഷിയുള്ളതാണ് ഇവ. 19,500 ഇന്ധന കേന്ദ്രങ്ങൾ സ്വന്തമായുള്ള കമ്പനിക്ക് 6100ന് മുകളിൽ എൽ.പി.ജി വിതരണക്കാർതന്നെയുണ്ട്.
2022 മൂന്നാം പാദത്തിൽ 2805.09 കോടിയുടെ അറ്റ ലാഭമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 79,890 കോടി വിപണി മൂലധനമുള്ളതാണ് കമ്പനി. കേന്ദ്ര സർക്കാറിന്റെ 52.98 ശതമാനം ഓഹരികളാണ് സ്വകാര്യവത്കരണത്തിലൂടെ വിൽക്കുന്നത്.
ബി.പി.സി.എൽ ഏറ്റെടുക്കാൻ ലഭിച്ച ആറ് താൽപര്യപത്രങ്ങളിൽ അഞ്ചെണ്ണവും പിൻവലിക്കപ്പെട്ടിരുന്നു. വേദാന്ത കമ്പനിയുടെ താൽപര്യപത്രം മാത്രമാണ് നിലനിൽക്കുന്നത്. ജൈവ ഇന്ധന വിപണിയുടെ ഭാവി സംബന്ധിച്ച ആശങ്കയാണ് നിക്ഷേപകരെ പിന്തിരിപ്പിക്കുന്നതെന്ന് അറിയുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നതും അസംസ്കൃത എണ്ണവില കുതിക്കുന്നതും ബി.പി.സി.എൽ സ്വകാര്യവത്കരണത്തിന് വിനയായി.
സ്വകാര്യവത്കരണനീക്കം തങ്ങളുടെ തൊഴിലിനും ആനുകൂല്യങ്ങൾക്കും തിരിച്ചടി വരുത്തുമെന്ന് ഉയർത്തിക്കാട്ടിയാണ് തൊഴിലാളികളുടെ പ്രക്ഷോഭം. കേരളത്തിൽമാത്രം 2500 സ്ഥിരം ജീവനക്കാരും 6000 കരാർ തൊഴിലാളികളുമുണ്ട്.
ബി.പി.സി.എല്ലിനെ ആശ്രയിച്ച് സമീപത്തായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട പെട്രോ കെമിക്കൽ പാർക്ക് പദ്ധതിക്കും സ്വകാര്യവത്കരണം തിരിച്ചടിയാണ്. ബി.പി.സി.എല്ലിന്റെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടിന്റെ (സി.എസ്.ആർ) വിനിയോഗം എറണാകുളം ജില്ലയിൽ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായകമായിരുന്നു.
സ്വകാര്യവത്കരണത്തിലൂടെ ഇതില്ലാതാകുമെന്നും ആശങ്കയുണ്ട്. സ്വകാര്യവത്കരണ നീക്കത്തിന് നേരിട്ട തിരിച്ചടി കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.