പെരിയാറിലേക്ക് തകര്‍ന്നു വീണ കോണ്‍ക്രീറ്റ് ഗർഡറുകള്‍ നീക്കാനുള്ള ശ്രമം വീണ്ടും വിഫലം
text_fieldsകുന്നുകര: അടുവാശ്ശേരി തടിക്കല്‍കടവ് പാലം നിര്‍മാണത്തിനിടെ പെരിയാറിലേക്ക് തകര്‍ന്നു വീണ കോണ്‍ക്രീറ്റ് ഗർഡറുകള്‍ നീക്കാനുള്ള ശ്രമം വീണ്ടും വിഫലമായി. 33 കോടി ചെലവിലായിരുന്നു പാലം നിർമിച്ചത്. പാലം ഉദ്ഘാടനം ചെയ്തശേഷം നിരവധി തവണയാണ് ഇതിന് വേണ്ടി ശ്രമം നടന്നത്.
പല തവണയായി ഭാഗികമായി മാത്രമാണ് ഗർഡറുകൾ പുഴയിൽനിന്ന് കരക്ക് കയറ്റാനായത്. കോണ്‍ക്രീറ്റ് ചെയ്യാൻ ഗർഡർ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന എൻട്രസ്റ്റ് കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ ഒടിഞ്ഞു വീഴുകയായിരുന്നു. അതോടെ കോണ്‍ക്രീറ്റ് നടന്നുകൊണ്ടിരുന്ന ഗർഡർ ആഴ്ചകൾക്ക് മുമ്പ് സ്ഥാപിച്ച തൊട്ടടുത്ത ഗർഡറില്‍ ചെന്നിടിക്കുകയും ഒരു ഗർഡറോടൊപ്പം പുഴയിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്കും പരിക്കേറ്റിരുന്നു.
കുന്നുകര-കരുമാല്ലൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അടുവാശ്ശേരി തടിക്കല്‍കടവ് പാലം നിര്‍മാണം നടക്കുന്നതിനിടെ 2014 നവംബർ 13 നാണ് പാലത്തിന്റെ മൂന്നാമത്തെ ഗർഡറിന്റെ കോൺക്രീറ്റിങ്ങിനിടെ കൂറ്റൻ തൂണുകളും ഗർഡറുകളും ഇടിഞ്ഞ് പുഴയിലേക്ക് വീണത്.
33 മീറ്റർ നീളവും മൂന്ന് മീറ്റർ ഉയരവും ഒരുമീറ്റർ വീതിയുമുള്ള ഗർഡറുകളാണ് തകർന്നത്. അതോടെ 24 ടൺ കമ്പിയും വെള്ളത്തിലായി. പിന്നീട് പാലം നിർമിച്ച സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി കരാർ തുക പൂർണമായി നൽകാത്തതിനെ തുടർന്ന് സർക്കാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. പാലം നിർമാണത്തിലെ അവശിഷ്ടങ്ങൾ പെരിയാറിൽനിന്ന് നീക്കാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു. തകർന്നു വീണ ഗർഡറുകൾ വെള്ളത്തില്‍ കിടക്കുന്നത് പുഴയുടെ സുഗമമായ ഒഴുക്കിനെ സാരമായി ബാധിക്കുമെന്നും വിലയിരുത്തിയിരുന്നു. പാലത്തിന്റെ അവശിഷ്ടങ്ങൾ പുഴയിൽനിന്ന് നീക്കാത്തതിനാൽ കമ്പികൾ തുരുമ്പെടുത്ത് വെള്ളത്തിന് നിറ വ്യത്യാസവും പുളിരസവും അനുഭവപ്പെടുന്നതായും പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഗർഡറുകള്‍ ഉയര്‍ത്താന്‍ നാല് തവണയാണ് ശ്രമം നടന്നത്. നാല് ഭാഗങ്ങളാണ് പുറത്തെടുക്കുവാനുള്ളത്.
ഇതിനായി ഉയര്‍ന്ന ശേഷിയുള്ള മൂന്ന് ക്രെയിനുകളും സ്ഥലത്തെത്തിച്ചിരുന്നു. പകൽ മുഴുവനും പാലം അടച്ചിട്ടാണ് ശ്രമം നടന്നത്. എന്നാൽ, ഒരു ദിവസം പൂർണമായും ശ്രമിച്ചിട്ടും മുറിച്ചിട്ട ഗർഡറുകളെ വെള്ളത്തിനടിയിൽ െവച്ച് റോപ്പ് ഉപയോഗിച്ച് ബന്ധിക്കാനായില്ല. അടുത്ത ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയെ തുടർന്ന് പെരിയാർ കലങ്ങി മറിഞ്ഞാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇത് മൂലം വിവിധ സംവിധാനങ്ങളോടെ പുഴയ്ക്കടിയിലേക്ക് ഊളിയിട്ട മുങ്ങൽ വിദഗ്ധർക്ക് വ്യക്തമായ കാഴ്ച ലഭിക്കാത്തതാണ് തടസ്സമായത്. ഇതോടെ ക്രെയിനുകൾ രാത്രിയോടെ മടങ്ങി.
പാലത്തിന് സമീപത്ത് തന്നെ സൗകര്യമൊരുക്കി ഗർഡറുകള്‍ ഇവിടെ എത്തിച്ചശേഷം യന്ത്രങ്ങൾ ഉപയോഗിച്ച് പൊട്ടിച്ച് ഇതില്‍നിന്ന് കമ്പി പുറത്തെടുക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.