വിമതരെ അയോഗ്യരാക്കാൻ കോൺഗ്രസ്;തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിന്
text_fieldsകോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിന്. യു.ഡി.എഫ് പിന്തുണയിൽ വൈസ് പ്രസിഡന്റായ സ്വതന്ത്ര അംഗം ജിൻസിയ ബിജുവിനെ എൽ.ഡി.എഫും മൂന്ന് കോൺഗ്രസ് വിമതരും ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
18 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിലെ എട്ട് അംഗങ്ങൾക്കൊപ്പം കോൺഗ്രസിൽനിന്ന് കൂറുമാറിയെത്തിയ സിബി മാത്യു, ലിസി ജോളി, ഉഷ ശിവൻ എന്നിവർ ചേരുകയായിരുന്നു. കോൺഗ്രസിലെ ധാരണയിൽ സൈജന്റ് ചാക്കോ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിമതൻ സിബി മാത്യു എൽ.ഡി.എഫ് പിന്തുണയിൽ പ്രസിഡന്റാവുകയായിരുന്നു.
രണ്ടിന് നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിമത അംഗം ലിസി ജോളിയെ വൈസ് പ്രസിഡന്റാക്കാനാണ് തീരുമാനം. ഇതിനിടെ കൂറുമാറിയ മുന്ന് കോൺഗ്രസ് അംഗങ്ങളെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ തെരഞ്ഞെടുപ്പ് കമീഷന് ഹരജി നൽകി. കോൺഗ്രസ് നേതൃത്വം നൽകിയ വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരോ അംഗങ്ങൾക്കെതിരെയും പ്രത്യേക ഹരജികളാണ് നൽകിയത്.
വിമത നീക്കത്തിന് ആദ്യം നേതൃത്വം നൽകുകയും പിന്നീട് പാർട്ടിക്കൊപ്പം നിൽക്കുകയും ചെയ്ത പാർലമെന്ററി പാർട്ടി ലീഡറും കോൺഗ്രസ് കവളങ്ങാട് മണ്ഡലം പ്രസിഡന്റുമായ എം.കെ. വിജയനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ഡി.സി.സി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.