13 റോഡുകളുടെ നിർമാണം; 49.5 കോടിയുടെ ഭരണാനുമതി
text_fieldsകൊച്ചി: ജില്ലയിലെ 13 റോഡ് നിർമാണ പദ്ധതികൾക്കായി 49.5 കോടി രൂപയുടെ ഭരണാനുമതിയായെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കളമശ്ശേരി, ആലുവ, കോതമംഗലം, കൊച്ചി, പറവൂർ തുടങ്ങിയ മണ്ഡലങ്ങളിലെ റോഡുകളിലാണ് പ്രവൃത്തി വരുന്നത്.
കളമശ്ശേരി മണ്ഡലത്തിലെ ഇടപ്പള്ളി -മൂവാറ്റുപുഴ റോഡിനു 1.2 കോടിയും മില്ലുപടി-കാക്കുനി മസ്ജിദ് റോഡിനു 60 ലക്ഷവും സെന്റ് ജോസഫ്സ് -തൃക്കാക്കര ക്ഷേത്രം - യൂനിവേഴ്സിറ്റി പുന്നക്കാട്ടുമൂല സീപോർട്ട് ലൈൻ റോഡ് -യൂനിവേഴ്സിറ്റി കോളനി സീപോർട്ട് റോഡ് -യൂനിവേഴ്സിറ്റി റിംഗ് റോഡ് -കൈപ്പടമുകൾ എച്ച്എംടി റോഡിന് അഞ്ചുകോടിയും അനുവദിച്ചു.
ആലുവയിലെ ഹെർബർട്ട് റോഡ് റീച്ച് ഒന്നിനു രണ്ടുകോടി വിനിയോഗിക്കാനാണ് അനുമതി. ആലുവ, പറവൂർ, കളമശ്ശേരി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പറവൂർ കവല മുതൽ അഞ്ചൽ വരെയുള്ള ആലുവ - പറവൂർ റോഡ് 9.5 കോടി ചെലവിൽ നിർമ്മിക്കും. ചെറായി -പറവൂർ റോഡിനു ഒരു കോടിയുടെയാണ് ഭരണാനുമതി.
പറവൂരിലെ പഴയ എൻ.എച്ച് മൂത്തകുന്നം ഫെറി - ഗോതുരുത്ത് ജങ്ഷൻ (മൂത്തകുന്നം ജങ്ഷൻ -ഫെറി ഒഴികെ) റോഡിനു 90 ലക്ഷം അനുവദിച്ചു. കുന്നത്തുനാട്ടിലെ പോഞ്ഞാശ്ശേരി -ചിത്രപ്പുഴ (പള്ളിക്കര ജങ്ഷൻ മുതൽ ചിത്രപ്പുഴ പാലം വരെ) റോഡ് നിർമാണത്തിന് 12 കോടിയും പള്ളിക്കര -പഴന്തോട്ടം റോഡിന് 4.5 കോടിയും വീതം അനുവദിച്ചു ഭരണാനുമതിയായി.
കോതമംഗലം മണ്ഡലത്തിലെ ശബരിമല -കൊടൈക്കനാൽ സംസ്ഥാനപാത 44ലെ വെങ്ങല്ലൂർ -ഊന്നുകൽ റോഡിന് 7.5 കോടിയാണ് ചെലവാക്കുക. അങ്കമാലിയിലെ വേങ്ങൂർ -നായത്തോട് റോഡിനു മൂന്ന് കോടിയുടെ അനുമതിയായി. പിറവത്തെ ആഞ്ഞിലിച്ചുവട് -അമ്പലംപടി റോഡിനു രണ്ടുകോടി രൂപ വിനിയോഗിക്കും. കൊച്ചിയിലെ ടൗൺ ഹാൾ റോഡ് പുനരുദ്ധാരണത്തിന് 30 ലക്ഷവും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.