ചേരാനല്ലൂര്‍ ആയുര്‍വേദ ആശുപത്രി നിര്‍മാണം പുരോഗമിക്കുന്നു
text_fieldsപെരുമ്പാവൂര്‍: ചേരാനല്ലൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ അനുവദിച്ച പുതിയ കെട്ടിടത്തിെൻറ നിര്‍മാണം പുരോഗമിക്കുന്നതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ജോലി വീണ്ടും ആരംഭിക്കുകയായിരുന്നു. പൊതുമേഖല സ്ഥാപനമായ കെല്ലിന് വേണ്ടി സാജ് കണ്‍സ്ട്രക്ഷന്‍സ് ആണ് നിര്‍മാണം.
കഴിഞ്ഞ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്ന് 56.06 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. മുമ്പ് കെട്ടിടം നിര്‍മിക്കാൻ തുക അനുവദിച്ചിരുന്നെങ്കിലും ആശുപത്രിയുടെ സൗകര്യങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നതിനാല്‍ പുതിയ ഭരണാനുമതി ലഭ്യമാക്കുകയായിരുന്നു. 2300 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിര്‍മിക്കുന്നത്.
ഭാവിയില്‍ രണ്ട് നിലകള്‍ കൂടി നിര്‍മിക്കുന്നതിനുള്ള അടിത്തറയോടു കൂടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് കണ്‍സള്‍ട്ടിങ് മുറികള്‍, ഫാര്‍മസി, നേഴ്സസ് സ്റ്റേഷന്, ട്രീറ്റ്മെൻറ് മുറി, പഞ്ചകര്‍മ ട്രീറ്റ്മെൻറ് മുറി, ഡ്രസ്സിങ് മുറി, വനിതകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ശുചിമുറികള്‍, റിസപ്ഷന് എന്നിവ കൂടാതെ ഭാവിയില്‍ മറ്റു നിലകള്‍ നിര്‍മിക്കുമ്പോള്‍ ലിഫ്റ്റ് ഉപയോഗത്തിനുള്ള സൗകര്യവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
65 വര്‍ഷം പിന്നിട്ട ആശുപത്രിക്കായി പഞ്ചായത്ത് 1997ല്‍ സ്വന്തമായി സ്ഥലം വാങ്ങിയിരുന്നു. ദിനം പ്രതി ഇരുനൂറ്റി അമ്പതോളം രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നുണ്ട്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.