നിർദിഷ്ട വണ്ടിപ്പേട്ട-ഇ.ഇ.സി മാർക്കറ്റ് റോഡ് നിർമാണം: മരങ്ങൾ മുറിച്ചു
text_fieldsമൂവാറ്റുപുഴ: നിർദിഷ്ട വണ്ടിപ്പേട്ട-ഇ.ഇ.സി മാർക്കറ്റ് റോഡ് നിർമാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി ഇവിടത്തെ മരങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ മുറിച്ചുനീക്കി. വെയർഹൗസിങ് കോർപറേഷന്റെ സഹായത്തോടെയാണ് റോഡ് നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വെയർഹൗസിങ് കോർപറേഷൻ റീജനൽ മാനേജർ പീറ്റർ, എക്സിക്യൂട്ടിവ് എൻജിനീയർ കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചിരുന്നു.
റോഡിന്റെയും കൾവർട്ടിന്റെയും ഡിസൈൻ തയാറാക്കുന്ന കെല്ലിന്റ ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തി. വാർഡ് അംഗം കൂടിയായ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ട് എന്നിവരും ഒപ്പമുണ്ടായി.
റോഡ് നിർമാണം പൂർത്തിയായാൽ ഇതിന്റ ഏറ്റവും വലിയ ഗുണം വെയർഹൗസിങ് കോർപറേഷനാണ് ലഭിക്കുന്നത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ എവറസ്റ്റ് കവലക്ക് സമീപത്തെ കീഴ്ക്കാവിൽ തോട്ടിനു സമാന്തരമായി വണ്ടിപ്പേട്ട, സ്റ്റേഡിയം പരിസരം വഴി ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡിൽ എത്തുന്ന തരത്തിൽ 700 മീറ്റർ ദൂരത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് നഗരസഭയുടെ സ്ഥലത്തുകൂടി റോഡ് നിർമിക്കുന്നത്.
റോഡ് യാഥാർഥ്യമാകുന്നതോടെ വ്യാപാരകേന്ദ്രമായ കാവുംകര മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനു പുറമെ വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കി വഴിയില്ലാത്തതിനാൽ അടച്ചുപൂട്ടിയിട്ടിരിക്കുന്ന ആധുനിക മത്സ്യമാർക്കറ്റിനും ഗുണകരമാകും. സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സഹായകമാകും.
വഴിയില്ലാത്തതുമൂലം ഗോഡൗൺ നിർമിക്കാനാകാതെ വെറുതെ ഇട്ടിരിക്കുന്ന കാളച്ചന്തയിലെ വെയർഹൗസിങ് കോർപറേഷന്റ സ്ഥലത്ത് എത്തിച്ചേരാനും എട്ടങ്ങാടി അടക്കമുള്ള ജനവാസ കേന്ദ്രങ്ങൾക്കും റോഡ് ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.