ഓണമെത്തിയിട്ടും പെൻഷനില്ലാതെനിർമാണ തൊഴിലാളികൾ
text_fieldsകൊച്ചി: ഓണക്കാലമെത്തിയിട്ടും പെൻഷനില്ലാതെ നിർമാണതൊഴിലാളികൾ. ആനുകൂല്യങ്ങൾ മുടങ്ങിയിട്ട് എട്ട് മാസം പിന്നിടുന്നു. കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളാണ് ദുരിതത്തിലാകുന്നത്.
1600 രൂപ പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കുമായി പ്രതിവർഷം ഇവരിൽനിന്ന് 600 രൂപ അംശാദായം പിരിക്കുന്നുണ്ട്. പദ്ധതിയിൽ അംഗങ്ങളായി 2021ൽ 60 വയസ്സ് പൂർത്തിയായവർക്ക് ഇതുവരെ പെൻഷൻ ലഭിക്കാത്തതിന് പുറമേയാണ് നേരത്തേമുതൽ പെൻഷൻ ലഭിച്ചിരുന്നവർക്ക് കഴിഞ്ഞ എട്ടുമാസമായി പെൻഷൻ മുടങ്ങിയിരിക്കുന്നത്. ക്ഷേമ നിധി ബോർഡിലേക്കുള്ള സെസ് പിരിവ് ഇഴയുന്നതാണ് പ്രതിസന്ധിക്ക് കാരണം.
മറ്റ് സംസ്ഥാനങ്ങളിൽ നിർമാണ തൊഴിലാളി ക്ഷേമ നിധിയിലേക്കുള്ള സെസ് പിരിവിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. കേരളത്തിൽ ഈ ചുമതല നിർവഹിക്കുന്നത് തൊഴിൽ വകുപ്പാണ്. പരാതി ഉയർന്നതിനെ തുടർന്ന് മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ സെസ് പിരിവിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, നാളുകൾ കഴിഞ്ഞിട്ടും സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ 21,64,000ത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ 3,86,000ത്തോളം പേർ പ്രതിമാസ പെൻഷനും വാങ്ങുന്നുണ്ട്. പെൻഷനായി മാത്രം പ്രതിമാസം 57 കോടിയോളം രൂപ വേണം. എന്നാൽ, തൊഴിലാളികളിൽനിന്നുള്ള അംശാദായ പിരിവ് വഴി ലഭിക്കുന്നത് 37 ലക്ഷത്തോളം രൂപ മാത്രമാണ്. ഈ സാഹചര്യത്തിലാണ് കെട്ടിട നിർമാണ സെസ് പിരിവ് ഉൗർജിതമാക്കണമെന്ന ആവശ്യമുയരുന്നത്.
പെൻഷനുപുറമെ പ്രസവം, വിവാഹം, മാരകരോഗം, അപകട മരണം എന്നിങ്ങനെ അംഗങ്ങളായവർക്ക് മറ്റ് ധനസഹായങ്ങളും നൽകുന്നുണ്ട്. എന്നാൽ, ഇതെല്ലാം നാളുകളായി മുടങ്ങിയിരിക്കുകയാണ്.
സെസ് പിരിവ് കാര്യക്ഷമമാക്കുമ്പോഴുയരാവുന്ന പ്രതിഷേധവും മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. നിലവിൽ പത്ത് ലക്ഷത്തിൽ താഴെ നിർമാണച്ചെലവുള്ളതും 100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ളതുമായ ഗാർഹിക കെട്ടിടങ്ങളെ മാത്രമാണ് സെസിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ, ശരാശരി 100 സ്ക്വയർ മീറ്റർ മുതൽ 200 സ്ക്വയർ മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് 10,000 മുതൽ മുകളിലേക്ക് സെസ് അടക്കേണ്ടി വരും. പലയിടങ്ങളിലും ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പിൽനിന്ന് കെട്ടിട ഉടമകൾക്ക് നോട്ടീസ് ലഭിച്ചപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.