അങ്ങനെയങ്ങ് പറ്റിക്കാൻ വരട്ടെ!...
text_fieldsകൊച്ചി: സാധനസാമഗ്രികൾ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടുന്നത്, ലഭ്യമാകേണ്ട സേവനങ്ങളിൽ വീഴ്ച വരുന്നത് എന്നിങ്ങനെ നീതി നിഷേധങ്ങളിൽ ഇരയാക്കപ്പെടുന്നുണ്ടോ?. ആശങ്കപ്പെടേണ്ട, പരിഹാരത്തിന് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ ബന്ധപ്പെടാം. നിങ്ങൾക്ക് ലഭിക്കേണ്ട നീതി അതിലൂടെ ഉറപ്പാക്കാം.
ഏതാനും വർഷങ്ങൾക്കിടെ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനിലൂടെ ജനകീയമായ നിരവധി ഉത്തരവുകൾ പുറത്തുവന്നിട്ടുണ്ട്. വിപണിയിൽ നിരവധി ചൂഷണങ്ങൾ അരങ്ങേറുന്നുണ്ടെന്നതും കേസുകളുടെ വർധനക്ക് വഴിവെക്കുന്നു. പരാതികളിൽ ശക്തമായ നടപടികളുണ്ടാകുന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതോടെ ഉപഭോക്താക്കൾ കൂടുതലായി കമീഷനെ സമീപിക്കുകയാണ്.
അവകാശങ്ങൾ ഉറപ്പിച്ച് ഉത്തരവുകൾ
ഉപഭോക്താവിന്റെ അവകാശങ്ങൾ ഉത്തരവുകളിലൂടെ ഉറപ്പിക്കുകയാണ് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ലെന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് വിൽപ്പന നടത്തി വാഗ്ദാന ലംഘനം നടത്തിയ ബാങ്ക് ഇടപാടുകാരന് 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത് സമീപ ദിവസമാണ്.
വാഹനാപകടത്തെ തുടർന്ന് ഭർത്താവ് മരിക്കുകയും കാർ പൂർണമായി തകരുകയും ചെയ്ത കേസിൽ മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കാൻ കുടുംബത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയത്, ഓവന്റെ വിൽപനാനന്തര സേവനം നൽകാതെ വർഷങ്ങളോളം ഉപഭോക്താവിനെ കബളിപ്പിച്ച നിർമാതാവും വ്യാപാരിയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഉത്തരവിട്ടത്, ബംപർ ടു ബംപർ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെ തുടർന്ന് അവകാശപ്പെട്ട തുക നൽകിയില്ലെന്ന പരാതിയിൽ സർവിസ് സെൻററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതിച്ചെലവും ഇൻഷുറൻസ് തുകയും നൽകണമെന്ന് ഉത്തരവിട്ടത് എന്നിങ്ങനെ നീളുന്നു സമീപകാലത്തെ ഉത്തരവുകളിൽ ചിലത്.
വിൽപനാനന്തര സേവനം നിഷേധിച്ചും ആവശ്യമായ സ്പെയർ പാർട്സ് ലഭ്യമാക്കാതെയും വ്യാപാരം നടത്തിയ ബൈക്ക് നിർമാതാവും ഡീലറും വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്നും ഉത്തരവിട്ടിരുന്നു. അഡ്വാൻസ് നൽകി ബുക്ക് ചെയ്ത വൈദ്യുതി സ്കൂട്ടർ യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയ നിർമാതാക്കൾക്കും പിഴയിട്ടിരുന്നു.
വിപണിയിൽ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശബ്ദിക്കാൻ പൊതുജനം കൂടുതൽ രംഗത്തെത്തുന്നതും അവകാശങ്ങളെക്കുറിച്ച് കൂടുതൽ അവബോധമുണ്ടായതും ശുഭസൂചനയായാണ് നിയമജ്ഞർ വിലയിരുത്തുന്നത്. നാം പണം കൊടുത്ത് വാങ്ങുന്ന ഏതൊരു സാധനമാകട്ടെ, സേവനമാകട്ടെ അതിന് ഏതെങ്കിലും വിധത്തിൽ പോരായ്മ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും പരിഹരിക്കപ്പെടുക തന്നെ ചെയ്യും. പരാതികളിൽ ശക്തമായ നടപടികളുണ്ടാകുന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതോടെ ഉപഭോക്താക്കൾ കൂടുതലായി കമീഷനെ സമീപിക്കുന്നുമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.