കോവിഡിനൊപ്പം കുന്നത്തുനാട്ടിൽ വിവാദവും കൊഴുക്കുന്നു
text_fieldsകൊച്ചി: കോവിഡ് വ്യാപനത്തിനൊപ്പം കുന്നത്തുനാട്ടിൽ വിവാദവും കൊഴുക്കുന്നു. രോഗികൾക്ക് സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് നിയുക്ത എം.എൽ.എ ഒരുഭാഗത്തും ട്വൻറി20 നേതൃത്വം മറുഭാഗത്തുമായി ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയാണ്.
കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ വീട്ടിലെ തൊഴുത്തിൽ കിടന്ന കിഴക്കമ്പലം പഞ്ചായത്ത് ഒന്നാം വാർഡിലെ മാന്താട്ടിൽ ശശിയെന്ന സാബു മരിച്ചത് കഴിഞ്ഞ 10നാണ്. വീട്ടിൽ പ്രായമായ അമ്മയും നിത്യരോഗിയായ സഹോദരനും ഭാര്യയും കുഞ്ഞുമുള്ളതിനാൽ അവർക്കുകൂടി രോഗം വരരുതേയെന്ന പ്രാർഥനയോടെ തൊഴുത്തിൽ കിടന്ന സാബുവിന് ന്യുമോണിയ ഗുരുതരമായി ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്വൻറി20 കൂട്ടായ്മ ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അനാസ്ഥയിലെ ഇരകളിൽ ഒന്നുമാത്രമാണ് ട്വൻറി20 അനുഭാവികൂടിയായ യുവാവിെൻറ മരണമെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുഫലം വരുന്നതിനു മുമ്പുതന്നെ എല്ലാ പഞ്ചായത്തിലും ഡൊമിസിലിയറി കെയർ സെൻറർ തുടങ്ങണമെന്ന സർക്കാർ നിർദേശമുണ്ടായിരുന്നെങ്കിലും ട്വൻറി20 ഭരിക്കുന്ന പഞ്ചായത്തുകൾ പാലിച്ചില്ല.
രോഗികളുടെ എണ്ണത്തിൽ ക്രമാതീത വർധനയുണ്ടാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ മാത്രമാണ് ഡി.സി.സിയെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ.കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഒന്നാം വാർഡിലെ ആശ വർക്കറുടെ ഭാഗത്തുനിന്ന് ഒരുതരത്തിെല സഹായമോ പിന്തുണയോ ഭർത്താവിനും കുടുംബത്തിനും കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ശശിയുടെ ഭാര്യ സിജ പരാതി നൽകിയിട്ടുണ്ടെന്നും ഇത് അന്വേഷണത്തിന് കൈമാറിയിട്ടുണ്ടെന്നും കുന്നത്തുനാട് നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ അറിയിച്ചു.
കിഴക്കമ്പലത്തുതന്നെയുള്ള ട്വൻറി20യുടെ ഗോഡ്സ് വില്ലയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നെവിൻ എന്ന ചെറുപ്പക്കാരനെ പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കാത്തതിനെത്തുടർന്ന് എം.എൽ.എയെന്ന നിലയിൽ ആശുപത്രിയിലെത്തിക്കേണ്ടി വന്ന അനുഭവവും ശ്രീനിജിൻ പങ്കുവെച്ചിരുന്നു. എന്നാൽ, ട്വൻറി20 കുടുംബാംഗമായ നെവിൻ ഇത് ഫേസ്ബുക്കിലൂടെ തള്ളിപ്പറഞ്ഞു. ഇതിനുപിന്നിൽ ട്വൻറി20യുടെ സമ്മർദമാണെന്നും ഇടതുപക്ഷം ആരോപിക്കുന്നുണ്ട്.
നിലവിൽ എട്ടുപഞ്ചായത്തുകളുൾപ്പെടുന്ന മണ്ഡലത്തിലാകെ മൂവായിരത്തോളം കോവിഡ് ബാധിതരുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കിഴക്കമ്പലത്തുതന്നെയാണ്. രണ്ടുദിവസം മുമ്പ് 750ഓളം ആയിരുന്നു ഇവിടുത്തെ രോഗികളുടെ എണ്ണം. കിഴക്കമ്പലം അമ്പുനാട് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തതും കോവിഡുതന്നെ.
കൃത്യമായ ഇടപെടലുകളോ ചികിത്സകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങളോ ഒന്നും ഇവിടെയുണ്ടായില്ലെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ പലരും ചൂണ്ടിക്കാട്ടുന്നു. കിഴക്കമ്പലത്തുമാത്രം രണ്ടുദിവസം മുമ്പുവരെ എഴുപതോളം പേർ മരിച്ചു. സ്ഥിതി ഗുരുതരമായതോടെ പി.വി. ശ്രീനിജിൻ മുൻകൈയെടുത്ത് പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവരുടെ ഓൺലൈൻ യോഗം ചേർന്നെങ്കിലും ട്വൻറി20 പ്രസിഡൻറുമാരൊന്നും പങ്കെടുത്തില്ലെന്നതുതന്നെ അവരുടെ നിസ്സഹകരണം വ്യക്തമാക്കുന്നതായിരുന്നു.
വാർഡുതല പ്രതിരോധ സമിതികൾ തുടങ്ങിയിട്ടില്ലെന്ന് ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി പതിവു വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ പഞ്ചായത്തുകളിൽ കുന്നത്തുനാടും മഴുവന്നൂരുമുണ്ടായിരുന്നു. കുന്നത്തുനാട് പഞ്ചായത്തിൽ ഡി.സി.സി തുടങ്ങിയത് വ്യാഴാഴ്ചയാണ്. കിഴക്കമ്പലത്ത് ഒരുക്കം പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.