ലോക്കൽ ഏരിയ പ്ലാനിങ്ങിന് ഊന്നൽ; പുതുമയില്ലാതെ കോർപറേഷൻ ബജറ്റ്
text_fieldsകൊച്ചി: നഗരത്തിലെ ഭൂമിയുടെ ഉപയോഗത്തിന് കൃത്യമായ മാനദണ്ഡങ്ങളും ആസൂത്രണങ്ങളും നിഷ്കർഷിക്കുന്ന ലോക്കൽ ഏരിയ പ്ലാനുകൾ (ലാപ്) തയ്യാറാക്കുന്ന പദ്ധതിക്കും മാലിന്യ സംസ്കരണ പദ്ധതികൾക്കും ഊന്നൽ നൽകി കൊച്ചി കോർപറേഷന്റെ 2024-’25ലെ ബജറ്റ്. 1201 കോടി രൂപ വരവും 1155 കോടി ചെലവും 46.30 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് കോർപറേഷൻ സെക്രട്ടറി വി. ചെൽസാസിനിയാണ് അത്യസാധാരണ സാഹചര്യത്തിൽ കൗൺസിലിനു മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ലാപ്പിനുമപ്പുറം പുതുമ അവകാശപ്പെടാനുള്ള പദ്ധതികളൊന്നും ബജറ്റിലില്ലാത്തത് നിരാശപ്പെടുത്തി. മുൻ പദ്ധതികളുടെ തുടർച്ചയും സംസ്ഥാന സർക്കാർ ബജറ്റ് പദ്ധതികളിലെ അനുബന്ധമെന്നോണവുമാണ് വിവിധ പദ്ധതികൾ അവതരിപ്പിച്ചിട്ടുള്ളത്.
‘ലാപ്പി’ന് രണ്ടരക്കോടി
ലോക്കൽ ഏരിയ പ്ലാനിന്റെ ഭാഗമായി സുശക്തമായ ഗതാഗത സംവിധാനങ്ങളുള്ള സ്ഥലങ്ങളെ (ട്രാൻസിറ്റ് ഹബ്) ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളാക്കി മാറ്റും. മെട്രോ, ബസ് സ്റ്റേഷൻ, ജല മെട്രോ സംവിധാനങ്ങളുള്ള വൈറ്റിലയിലാണ് ഇത് ആദ്യമായി നടപ്പാക്കുന്നത്.
ട്രാൻസിസ്റ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് വികസനം നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതു ആവശ്യങ്ങൾക്കുള്ള ഭൂമിയുടെ ലഭ്യതകൂട്ടുന്നതിനാണ്. രണ്ടരക്കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിന് പദ്ധതികളേറെ
വിവിധ പദ്ധതികൾ നടപ്പാക്കി കൊച്ചിയെ മാതൃക ശുചിത്വ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. 150 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എൽ, കൊച്ചിൻ റിഫൈനറിയുടെ സഹകരണത്തോടെ 73 കോടി രൂപയുടെ സി.ബി.ജി പദ്ധതിയുടെ ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കും. ബ്രഹ്മപുരത്ത് 50 ടൺ മാലിന്യം സംസ്കരിക്കുന്ന വിൻട്രോ കമ്പോസ്റ്റ് പ്ലാന്റിന് 1.5 കോടിയും, 58 കണ്ടെയ്നർ എം.സി.എഫ് സംവിധാനത്തിന് 1.5 കോടിയും വകയിരുത്തി. വിവിധയിടങ്ങളിൽ ആർ.ആർ.എഫ് സെന്റർ, വികേന്ദ്രീകൃത പ്ലാൻറുകൾ എന്നിവയും ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനർജി പ്ലാൻറും നിർമിക്കും.
പൊതുഇടങ്ങൾ 100 എണ്ണം
നഗരത്തിലെ 74 ഡിവിഷനിലെ 100 പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. ഇതിന്റെ പ്രവർത്തനം തുടങ്ങി. പള്ളത്ത് രാമൻ കൾച്ചറൽ സെന്റർ, പച്ചാളം പി.ജെ. ആൻറണി ഗ്രൗണ്ട്, വടുതല മൈത്രിനഗർ ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവയാണ് ഇത്. ‘വിശപ്പ് രഹിത’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രരുടെ വീട്ടിൽ ഭക്ഷണം എത്തിക്കും.
ഇതിനുള്ള ഇലക്ട്രിക് വാഹനം കൊച്ചി കപ്പൽ ശാലയുടെ സഹായത്തോടെ ലഭ്യമാക്കും. പി.എം.എ.വൈ- ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1500 ഗുണഭോക്താക്കൾക്കുള്ള ഭവന നിർമാണം പൂർത്തീകരിക്കും. പദ്ധതിക്കായി കേന്ദ്ര- സംസ്ഥാന- നഗരസഭ വിഹിതമായി 30 കോടി ലഭ്യമാക്കും.
തമ്മനം ശാന്തിപുരം കോളനിയിലെ 197 കുടുംബങ്ങൾക്കുള്ള ഭവന നിർമാണം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കും. നഗരത്തിലെ കോളനി നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ ലഭ്യമാക്കും. പശ്ചിമ കൊച്ചി മെട്രോ റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാറിനോട് ആവശ്യപ്പെടും.
മറ്റു പ്രധാന പദ്ധതികൾ
1. സാംസ്കാരിക മേഖലക്ക് തീയറ്റർ മോഡൽ കെട്ടിടം- അഞ്ച് കോടി
2. അഞ്ചുമനയിലെ നഗരസഭ ഇടപ്പള്ളി സോണൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ കൺവെൻഷൻ സെന്റർ- അഞ്ച് കോടി
3. ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെ കോക്കേഴ്സ് തീയറ്റർ ആധുനിക രീതിയിൽ തീയറ്റർ സമുച്ചയവും സാംസ്കാരിക കേന്ദ്രവുമാക്കി മാറ്റും
4. കുടുംബശ്രീ ഫെസ്റ്റിവൽ- 10 ലക്ഷം രൂപ
5. വൈറ്റിലയിൽ ബഹുനില കെട്ടിടം-രണ്ടു കോടി രൂപ
6. നഗരത്തിൽ പൊതുഇടങ്ങളിൽ രണ്ടുകോടി ചെലവിട്ട് ശുചിമുറികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.