അതിനാടകീയം അത്യപൂർവം അസാധാരണം
text_fieldsകൊച്ചി: അത്യപൂർവും അതിനാടകീയവും അത്യസാധാരണവുമെന്ന് വിശേഷിപ്പിക്കേണ്ടി വരും, ചൊവ്വാഴ്ച കൊച്ചി കോർപറേഷനിലെ ബജറ്റ് അവതരണ വേളയിൽ നടന്ന സംഭവങ്ങൾ. തുടക്കം മുതൽ അവസാനം വരെ ഉദ്വേഗജനകവും സംഘർഷം നിറഞ്ഞതുമായ നിമിഷങ്ങളിലൂടെയാണ് ബജറ്റ് അവതരിപ്പിച്ച കൗൺസിൽ ഹാളും പരിസരവും കടന്നുപോയത്. ആ നിമിഷങ്ങളിലൂടെ..
രാവിലെ 10.30ന് ബജറ്റ് അവതരണംനടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും മേയർ എം. അനിൽകുമാറോ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയയോ ഉൾപ്പെടുന്ന ഭരണപക്ഷാംഗങ്ങളാരും കൗൺസിൽ ഹാളിലെത്തിയില്ല.
10.37: പ്രതിപക്ഷാംഗങ്ങൾ കൂട്ടത്തോടെ പ്രതിഷേധ ബാനറുകളുമായി കൗൺസിൽ ഹാളിന്റെ മധ്യത്തിലെത്തി പ്രതിഷേധിക്കുന്നു. ഫിനാൻസ് കമ്മിറ്റിയിൽ അവതരിപ്പിക്കാത്ത ബജറ്റ് അംഗീകരിക്കാനാവില്ലെന്നും ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണിതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ ആരോപിക്കുന്നു. ഒപ്പം മേയറുടെയും ഡെപ്യൂട്ടിമേയറുടെയും രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളും.
10.44: പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മേയറും ഡെപ്യൂട്ടി മേയറും ഡയസിലേക്കെത്തി. പ്രതിപക്ഷാംഗങ്ങൾ കൂട്ടത്തോടെ ഇരുവരെയും വളയുന്നു. ഡെപ്യൂട്ടി മേയറെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം. മേയർക്കെതിരെയും ആരോപണങ്ങൾ.
10.50: പ്രതിപക്ഷം ഉപരോധം തുടരുന്നു, മേയർ നിലവിലെ പ്രത്യേക സാഹചര്യം വിശദമാക്കാൻ ശ്രമിക്കുന്നു. മുനിസിപ്പൽ ആക്ട് 290 പ്രകാരമാണ് ഇന്നത്തെ ബജറ്റ് അവതരണമെന്നും ഡെപ്യൂട്ടി മേയർ അല്ല, സെക്രട്ടറി തന്നെയാണ് അവതരിപ്പിക്കുകയെന്നും മേയർ വ്യക്തമാക്കുന്നു.
10.51: പ്രതിപക്ഷ പ്രതിഷേധം കൂക്കിവിളിയായി.
10.55: പ്രതിഷേധത്തിന്റെ ശക്തി വർധിച്ച് എല്ലാവരും കൂട്ടത്തോടെ മേയറുടെ ഡയസിലേക്ക് ഇടിച്ചുകയറുന്നു.
11.04: മേയറുടെ നിർദ്ദേശ പ്രകാരം കനത്ത ബഹളത്തിനിടയിൽ സെക്രട്ടറി വി. ചെൽസാസിനി ബജറ്റ് മേശയിൽ വെക്കുന്നതായി പ്രഖ്യാപിക്കുന്നു.
11.06: മേയർ ആമുഖ പ്രസംഗം നടത്തുന്നു. ഇതോടെ പ്രതിഷേധം ശക്തി പ്രാപിച്ചു. പ്രതിഷേധം കൈയ്യാങ്കളിയിലേക്കും ഉന്തിലും തള്ളിലേക്കുമെത്തുന്നു.
11.09: പ്രതിപക്ഷാംഗങ്ങൾ ബജറ്റ് കോപ്പികൾ കീറിയെറിയുന്നു. ഡെപ്യൂട്ടി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനിടെ കെ.എ. അൻസിയക്കു നേരെയും കൈയ്യേറ്റം.
11.10: ബഹളത്തിനും കയ്യാങ്കളിക്കുമിടയിൽ ഡെപ്യൂട്ടി മേയർ ഒരു വിധത്തിൽ ബജറ്റ് വായിക്കുന്നു. പ്രതിപക്ഷ ആക്രമണത്തിൽ നിന്ന് ഭരണപക്ഷ കൗൺസിലർമാർ ഡെപ്യൂട്ടി മേയർക്ക് സംരക്ഷണം നൽകുന്നു.
11.12: ബജറ്റ് സഭക്കു മുന്നിൽ സമർപ്പിച്ചതിനു പിന്നാലെ ഡെപ്യൂട്ടി മേയറും അവർക്കു പിന്നാലെ മേയറും സഭയിൽ നിന്ന് ഇറങ്ങിപ്പോവുന്നു. പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു.
തുടർന്ന് മേയർ തന്റെ ക്യാബിനിൽ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുന്നു. പുറത്ത് പ്രതിപക്ഷാംഗങ്ങളുടെ കുത്തിയിരിപ്പ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.